
ആലപ്പുഴ: യു പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവിനെ കഞ്ചാവ് കേസില്‍ നിന്നും ഒഴിവാക്കും. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കനിവ് അടക്കം ഒമ്പത് പേരെയായിരുന്നു കേസില്‍ പ്രതി ചേര്‍ത്തത്.
പ്രതിഭ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതേസമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന കുട്ടനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയരാജനെതിരെ നടപടിയുണ്ടാകും.
ഡിസംബര്‍ 28-നാണ് തകഴിയില്‍ നിന്ന് എംഎല്‍എയുടെ മകന്‍ കനിവ് അടക്കം ഒന്‍പതുപേരെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമാണ് കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഘത്തില്‍ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും എഫ്‌ഐആറില്‍ പറഞ്ഞിരുന്നു.
എന്നാല്‍ കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് മെഡിക്കല്‍ പരിശോധന ഇല്ലാതെയാണെന്നും മകനെ എക്‌സൈസ് സംഘം ദേഹോപദ്രവം ചെയ്തതിനാല്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും എംഎല്‍എ മൊഴി നല്‍കിയിരുന്നു.
Content Highlights: U Pratibha MLA's son Kaniv will be cleared from case