
മലപ്പുറം: സിപിഐഎം നേതാക്കള്‍ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയതിന് മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസ്. ചുങ്കത്തറയില്‍ വെച്ച് ഭീഷണി പ്രസംഗം നടത്തിയതിനാണ് അന്‍വറിനെതിരെ പൊലീസ് കേസെടുത്തത്. സിപിഐഎം നേതൃത്വം നല്‍കിയ പരാതിയില്‍ എടക്കര പൊലീസാണ് കേസെടുത്തത്. കൂറുമാറിയ പഞ്ചായത്തംഗം നുസൈബയുടെ ഭര്‍ത്താവ് സുധീര്‍ പുന്നപ്പാലയെ ഭീഷണിപ്പെടുത്തിയതിന് സിപിഐഎം ഏരിയാ സെക്രട്ടറിക്കെതിരെയും പൊലീസ് കേസെടുത്തു.
തന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി തലയടിച്ച് പൊട്ടിക്കുമെന്നായിരുന്നു അന്‍വറിന്റെ ഭീഷണി പ്രസംഗം. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഐഎം നേതാക്കള്‍ക്കുള്ള സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു. ഒരു തര്‍ക്കവുമില്ല, തലയ്‌ക്കേ അടിക്കൂ. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പഠിച്ചിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞിരുന്നു.
മുന്നില്‍ നിന്ന് തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും അൻവർ വ്യക്തമാക്കിയിരുന്നു. ചുങ്കത്തറയിലെ വനിതാ പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവിനെ സിപിഐഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തി. കുടുംബം അടക്കമുള്ളവരുടെ പണി തീര്‍ത്തുകളയുമെന്നാണ് വോയ്‌സ് മെസേജ്. ഭീഷണിക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും പി വി അന്‍വര്‍ ചുങ്കത്തറയില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കവേ പറഞ്ഞിരുന്നു.
Content Highlights: Case against P V Anvar on threatened CPIM leaders