
കൊച്ചി: എറണാകുളത്ത് വിദ്യാർഥിനിക്ക് നേരെ സഹപാഠികൾ നായ്ക്കുരണപ്പൊടി എറിഞ്ഞ സംഭവത്തിൽ
സഹപാഠികളെയും രണ്ട് അധ്യാപകരെയും പ്രതികളാക്കി കേസെടുത്ത് പൊലീസ്. വിദ്യാർഥിനിക്ക് മാനസിക പിന്തുണ നൽകിയില്ലെന്നതാണ് അധ്യാപകർക്കെതിരായ കുറ്റം. സഹപാഠികളായ രണ്ട് പെൺകുട്ടികളെയും പ്രതിചേർത്തു.
തെങ്ങോട് ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിക്ക് നേരേയാണ് സഹപാഠികൾ നായ്ക്കുരണ പൊടി വിതറിയത്. സ്വകാര്യ ഭാഗത്ത് പൊടി വീണ് മൂത്രം പോലും ഒഴിക്കാൻ ആവാത്ത നിലയിലായിരുന്നു പെൺകുട്ടി. മാനസികമായി തകർന്ന പെൺകുട്ടി സൈക്യാട്രിസ്റ്റിന്റെ ചികിത്സയിലാണ്. സഹപാഠികളിൽ നിന്നും നേരത്തെയും മോശം അനുഭവം കുട്ടി നേരിട്ടിരുന്നതായയാണ് വിവരം. ഇൻഫോപാർക്ക് സിഐ ജെഎസ് സജീവ് കുമാറിന്റെ നിർദേശപ്രകാരം വനിതാ പൊലീസ് വീട്ടിലെത്തി പെൺകുട്ടിയുടെയും അമ്മയുടെയും മൊഴിയെടുത്തിരുന്നു.
തിങ്കളാഴ്ച എസ്എസ്എൽസി പരീക്ഷ തുടങ്ങുന്നതിനാൽ കുട്ടികളെ ബാധിക്കാത്ത രീതിയിൽ കരുതലോടെയാണ് പൊലീസിന്റെ അന്വേഷണം. നായ്ക്കുരണ പൊടി വിതറിയ സംഭവത്തിനു മുൻപ് ക്ലാസ് മുറിയിലെ ഡെസ്‌ക് ഉപയോഗിച്ച് സഹപാഠികൾ മുതുകിൽ ഇടിച്ചിട്ടുണ്ടെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു. വെള്ളിയാഴ്ച സ്‌കൂളിലും കുട്ടിയുടെ വീട്ടിലും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെത്തി അന്വേഷണം നടത്തിയിരുന്നു.
Content Highlights: Classmates and two teachers are accused in female student attacked case