
കൽപറ്റ: ബ്രിട്ടിഷ് കാലത്തെ ഉരുക്കുകട്ടകൾ(കാസ്റ്റ് അയൺ ബ്ലോക്) കാട്ടിൽ നിന്ന് കടത്താൻ ശ്രമിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ. വയനാട് സുഗന്ധഗിരി വനത്തിനുള്ളിൽ നിന്നാണ് സ്വർണ ഖനനത്തിനായി നിർമിച്ച കൂറ്റൻ ഉരുക്ക് കട്ടകൾ കടത്താൻ ശ്രമിച്ചത്.
മാനന്തവാടി സ്വദേശികളായ ഏലിയാസ് സ്കറിയ, ഷാജി ജോസ്, സുനിൽ നാരായണൻ, ഷിബു ജേക്കബ് എന്നിവരാണ് പിടിയിലായത്. ട്രാക്ടറും ഇരുമ്പു വള്ളിയും ഉൾപ്പെടെയായാണ് ഇവർ വനത്തിനുള്ളിൽ കയറിയത്. ഉരുക്ക് വസ്തുക്കൾ വലിച്ചുകൊണ്ടുപോകുന്നതിനിടയിൽ രാത്രി പട്രോളിങ് നടത്തുകയായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിൽ പെടുകയായിരുന്നു. വനത്തിനുള്ളിൽ പ്രവേശിച്ചതിന് ഇവർക്കെതിരെ നടപടിയെടുക്കും. മോഷണ ശ്രമം പൊലീസിനെ അറിയിക്കുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
വയനാടിന്റെ പല ഭാഗങ്ങളിലും ബ്രിട്ടീഷുകാർ സ്വർണ ഖനനം നടത്തിയിരുന്നു. സ്മിത്ത് മൂൺ എന്ന ബ്രിട്ടിഷുകാരനും പങ്കാളി ലേഡി സ്മിത്ത് എന്നറിയപ്പെടുന്ന ലിസ്സി സ്മിത്തുമാണ് ‘ഗോൾഡ് മൈൻസ് ഇന്ത്യ’ എന്ന കമ്പനി രൂപീകരിച്ച് സുഗന്ധഗിരി പ്രദേശത്ത് ഖനനം നടത്തിയത്. മഞ്ഞനിറമുള്ള മണ്ണിൽനിന്ന് ആവശ്യത്തിന് സ്വർണം വേർതിരിച്ചെടുക്കാൻ കഴിയാതായതോടെ കമ്പനി പൂട്ടിപ്പോവുകയായിരുന്നു. മണ്ണ് അരച്ച് സ്വർണം വേർതിരിച്ചെടുക്കാനായി അന്നവർ വനത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന നാല് കട്ടകളാണ് ഇവർ മോഷ്ടിക്കാൻ ശ്രമിച്ചത്.
Content Highlights: four people arrested in the theft of historical artifacts