'ഇന്ത്യയുടെ യാത്ര ഫാഷിസത്തിലേക്ക്, ഫാഷിസമായിട്ടില്ല';എം വി ഗോവിന്ദൻ

'കുത്തക മുതലാളിമാരുടെ താൽപര്യം സംരക്ഷിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം'

dot image

കാസർകോട് : ഇന്ത്യയിൽ ക്ലാസിക്കൽ ഫാഷിസം ഇല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ജനാധിപത്യ അവകാശങ്ങൾ നശിപ്പിച്ച് ഭരണകൂടം ഭരണസംവിധാനത്തിനും പ്രതിപക്ഷത്തിനും എതിരെ ഭീഷണി ഉയർത്തുന്ന സാഹചര്യം ഇന്ത്യയിലില്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥ കയ്യൂരിലെ രക്തസാക്ഷി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജാഥാ ലീഡറും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം സ്വരാജിന് പതാക കൈമാറിയാണ് പതാക ജാഥയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

ഫാഷിസം ഇന്ത്യയിലുണ്ടെങ്കിൽ സിപിഐഎം പതാക ജാഥ പോലുള്ള പരിപാടി കയ്യൂരിൽ നടക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

അതേ സമയം കേന്ദ്രസർക്കാരിനെയും എം വി ഗോവിന്ദൻ കടന്നാക്രമിച്ചു. കുത്തക മുതലാളിമാരുടെ താൽപര്യം സംരക്ഷിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. ഇതിനായി മത ധ്രുവീകരണം നടത്തുകയും അത് വഴി ഹിന്ദുത്വ അജൻഡയും അധികാര വാഴ്ചയും സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്രസർക്കാർ എന്നും അദ്ദേഹം പറഞ്ഞു.

ഇത് പുതിയ ഫാഷിസമാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ഫാഷിസത്തിലേക്കാണ് ഇന്ത്യയുടെ യാത്ര. ഫാഷിസമായിട്ടില്ല. ഇതിനെ പിടിച്ചുകെട്ടിയില്ലെങ്കിൽ ഇന്ത്യയുടെ ജനാധിപത്യം തകരുമെന്നും അദ്ദേഹം പറഞ്ഞു.അടിയന്തരാവസ്ഥ വന്നപ്പോൾ പോലും സിപിഐഎം ഫാഷിസമാണെന്ന് പറഞ്ഞിട്ടില്ല. അത് അർധ ഫാഷിസമായിരുന്നു എന്നും എം വി ഗോവിന്ദൻ പറഞ്ഞു.

അതേ സമയം എൽഡിഎഫ് സർക്കാരിന് ഇരുപത് വർഷം കൂടി ലഭിച്ചാൽ തൊഴിലില്ലായ്മ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ ധാരാളമുള്ള നാടാണ് കേരളം. സർക്കാർ ഈ വർഷം 20 ലക്ഷം ആളുകൾക്കു തൊഴിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം തങ്ങൾ പ്രസംഗിച്ചത് പോലെ മുതലാളിത്തം ഇല്ലാതാക്കുന്നതിലൂടെ തൊഴിലില്ലായ്മ ഇല്ലാതാക്കാമെന്നും അദ്ദേഹം പറഞ്ഞു.

Content highglights : 'India's journey to fascism, Kerala government to provide employment to 20 lakh people this year'; MV Govindan

dot image
To advertise here,contact us
dot image