കോഫിഷോപ്പിൽ ആക്രമണം; പ്രതികളെ തിരഞ്ഞെത്തിയ പൊലീസ് കണ്ടത് തടവിലാക്കപ്പെട്ട യുവതിയെ

യുവതിയെ പൊലീസ് രക്ഷപ്പെടുത്തി

dot image

പാലിയേക്കര: കോഫിഷോപ്പിൽ ആക്രമണം നടത്തിയ കേസിൽ പ്രതികളെ തിരഞ്ഞെത്തിയ പൊലീസ് കണ്ടത് തടവിലാക്കപ്പെട്ട യുവതിയെ. മനക്കൊടി സ്വദേശിയായ ഇവരെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തി തടവിലാക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ രണ്ടു യുവതികൾ ഉൾപ്പെടെയുള്ള അഞ്ചംഗസംഘത്തെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ പൊലീസ് രക്ഷപ്പെടുത്തി.

നായരങ്ങാടി സ്വദേശിയായ താഴേക്കാട് വീട്ടിൽ ഗോപകുമാർ (ഗോപു-43), കോഴിക്കോട് മേലൂർ സ്വദേശി ചേലയാർകുന്നിൽ അഭിനാഷ് പി ശങ്കർ (30), അളഗപ്പനഗർ സ്വദേശി പുതുശ്ശേരിപ്പടി വീട്ടിൽ ജിതിൻ ജോഷി (27) എന്നിവരെയും കോഴിക്കോട് മേലൂർ സ്വദേശി ആതിര (30), തിരുവനന്തപുരം വെള്ളറട സ്വദേശി അഞ്ജു (30) എന്നിവരെയുമാണ് അറസ്റ്റുചെയ്തത്. ഇവർ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മദ്യലഹരിയിലായിരുന്ന പ്രതികൾ കോഫീ ഷോപ്പിലെ ജീവനക്കാരനെ മർദിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്.

പാലിയേക്കര ടോൾപ്ലാസയ്ക്ക് സമീപത്തെ കോഫിഷോപ്പിൽ ടോക്കൺ എടുക്കാത്തതിനെത്തുടർന്നാമ് തർക്കമുണ്ടായത്. തർക്കത്തിൽ പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി അബ്ദുള്ളി(21)നെ ഗോപകുമാർ, അഭിനാഷ്, ജിതിൻ എന്നിവർ ചേർന്ന് ആക്രമിക്കുകയും കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. ഇതിൽ പ്രതികളുടെ പേരിൽ കൊലപാതകശ്രമത്തിന് കേസെടുത്തിരുന്നു.

ഈ സംഭവത്തിലാണ് പ്രതികളെ തിരഞ്ഞ് കല്ലൂർ നായരങ്ങാടിയിലെ ഗോപകുമാറിന്റെ വീട്ടിൽ പൊലീസ് എത്തിയത്. തുടർന്നാണ് പരിക്കേറ്റനിലയിൽക്കിടന്ന യുവതിയെ കണ്ടത്. യുവതിയുടെ സുഹൃത്ത് അഖിലും ഗോപകുമാറും ചേർന്ന് നടത്തുന്ന സ്പായുമായി ബന്ധപ്പെട്ട സാമ്പത്തികത്തർക്കത്തെ തുടർന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്.

സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ തൃശ്ശൂർ പടിഞ്ഞാറേക്കോട്ട- അരണാട്ടുകര റോഡിൽവെച്ച് കാറിടിപ്പിച്ച് വീഴ്ത്തിയശേഷം ബലം പ്രയോഗിച്ച് ഗോപകുമാറിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. തുർന്ന് ദേഹോപദ്രവമേൽപ്പിക്കുകയും ആഭരണങ്ങൾ അഴിച്ചെടുക്കുകയുമായിരുന്നു. യുവതിയുടെ രണ്ടര പവൻ വരുന്ന സ്വർണമാലയും ഒന്നര പവന്റെ വളയും നഷ്ടപ്പെട്ടതായും മൊബൈൽ ഫോൺ പ്രതികൾ അടിച്ചുതകർത്തതായും പൊലീസ് പറയുന്നു.

ഗോപകുമാർ പുതുക്കാട് സ്റ്റേഷനിലെ റൗഡിലിസ്റ്റിൽ പെട്ടയാളും നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയുമാണ്. ഇയാളുടെ പേരിൽ പുതുക്കാട്, വരന്തരപ്പിള്ളി, ഒല്ലൂർ, തൃശ്ശൂർ ഈസ്റ്റ്, ചേർപ്പ്, കൊരട്ടി സ്റ്റേഷനുകളിലായി കവർച്ച, തട്ടിപ്പ്, ലൈംഗികപീഡനം, അടിപിടി എന്നിവയുൾപ്പെടെ 15 കേസുകളുണ്ട്. ജിതിന്റെ പേരിൽ പുതുക്കാട് സ്റ്റേഷനിൽ വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയതിനും മയക്കുമരുന്ന് ഉപയോഗിച്ചതിനും കേസുണ്ട്.

പുതുക്കാട് പൊലീസ് എസ്എച്ച്ഒ വി സജീഷ്‌കുമാർ, എസ്ഐമാരായ എ വി ലാലു, പി ആർ സുധീഷ്, എഎസ്ഐ ധനലക്ഷ്മി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി സുജിത്ത്‌കുമാർ, പിആർ ഷെഫീക്, വി ഡി അജി, സിവിൽ പൊലീസ് ഓഫീസർമാരായ കെ സുരേഷ്‌കുമാർ, എ ജെറിൻ ജോസ്, ഷെമീർ, കെ എം ധന്യ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Content Highlights: Police who were looking for the accused saw the imprisoned woman

dot image
To advertise here,contact us
dot image