പ്രശംസയിൽ തിരുത്തുമായി ശശി തരൂർ; സംരംഭങ്ങളെ സംബന്ധിച്ച സർക്കാരിൻ്റെ കണക്കുകൾ യഥാർത്ഥമല്ലെന്ന് പോസ്റ്റ്

സംരംഭങ്ങളെ സംബന്ധിച്ച സർക്കാരിൻ്റെ കണക്കുകൾ യഥാർത്ഥമല്ലെന്നും സർക്കാരിൻ്റേത് അവകാശ വാദം മാത്രമെന്നുമാണ് തരൂരിൻറെ പോസ്റ്റ്

dot image

തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ പ്രശംസിച്ചതിൽ മലക്കം മറിഞ്ഞ് ശശി തരൂർ എംപി. സംരംഭങ്ങളെ സംബന്ധിച്ച സർക്കാരിൻ്റെ കണക്കുകൾ യഥാർത്ഥമല്ലെന്നും സർക്കാരിൻ്റേത് അവകാശ വാദം മാത്രമെന്നുമാണ് തരൂരിൻറെ പോസ്റ്റ്. കേരളത്തിൽ കൂടുതൽ സ്റ്റാർട്ടപ്പുകൾ വേണമെന്നും അദ്ദേഹം കുറിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ പത്ര കട്ടിംഗിനൊപ്പമാണ് ശശി തരൂർ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കേരളത്തിൽ നിരവധി ചെറുകിട ഇടത്തരം വ്യവസായങ്ങൾ പൂട്ടിയെന്ന വിവരമാണ് പത്രവാർത്തയിലുള്ളത്.

കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ നേരത്തേ ശശി തരൂർ എംപി പ്രശംസിച്ചിരുന്നു. ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിൽ എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളർച്ചയെ ശശി തരൂർ പ്രശംസിച്ചത്. 2024-ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാർട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാൾ അഞ്ചിരട്ടി അധികമാണെന്നായിരുന്നു ലേഖനത്തിൽ ഉണ്ടായിരുന്നത്. പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ ‘ചെയ്ഞ്ചിംഗ്‌ കേരള; ലംബറിങ്‌ ജമ്പോ റ്റു എ ലൈത്‌ ടൈഗർ’ എന്ന തലക്കെട്ടിലായിരുന്നു ലേഖനം. ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസിൽ 28–ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്കെത്തിയതിനെക്കുറിച്ചും അദ്ദേഹം വിവരിച്ചു.

സ്ത്രീ, ട്രാൻസ്‌ജെൻഡർ സംരംഭകർക്ക്‌ കൃത്യമായ പിന്തുണ നൽകിയിട്ടുണ്ടെന്നും ശശി തരൂർ പറഞ്ഞിരുന്നു. ദൈവത്തിന്റെ സ്വന്തം നാട് ബിസിനസിന്റെ കാര്യത്തിൽ ചെകുത്താന്റെ കളിസ്ഥലമാണ് എന്ന് താൻ മുൻപ്‌ പറയാറുണ്ടായിരുന്നു. അതിൽ മാറ്റം വന്നെങ്കിൽ അത് ആഘോഷിക്കേണ്ടതാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തിട്രുന്നു.

ഇന്ത്യയുടെ സംരംഭക ആവാസവ്യവസ്ഥ വികസിക്കുമ്പോൾ, സാമ്പത്തിക നവീകരണത്തിന്റെയും സുസ്ഥിര വളർച്ചയുടെയും മാതൃകയായി കേരളം വേറിട്ടുനിൽക്കാൻ തുടങ്ങിയിരിക്കുന്നു. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും തരൂർ പറഞ്ഞിരുന്നു. എന്നാൽ ലേഖനത്തെ തള്ളി കോൺഗ്രസ് നേതക്കൾ രംഗത്തുവന്നിരുന്നു. പിന്നാലെ സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ചയിലൂടെ കാണുന്ന വ്യവസായ പരിസ്ഥിതിയിലെ മാറ്റത്തെക്കുറിച്ച് മാത്രമാണ് എഴുതിയതെന്നും തരൂര്‍ വിശദീകരിച്ചിരുന്നു.

Content Highlights: shashi tharoor on startup statement

dot image
To advertise here,contact us
dot image