
കോഴിക്കോട്: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ അരുംകൊല ചെയ്ത പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്. വിദ്യാഭ്യാസ വകുപ്പ് പൊതുവികാരം മാനിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസ്താവന പുറത്തിറക്കി.
കേസിലെ പ്രതികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് മറ്റ് കുട്ടികളെ ബാധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറയുന്നു. ജീവിക്കാനുള്ള അവകാശം കവര്‍ന്നവര്‍ക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നല്‍കരുത് എന്നാണ് തങ്ങളുടെ അഭിപ്രായമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രസ്താവനയില്‍ വ്യക്തമാക്കി. താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അഞ്ച് പേരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. നിലവില്‍ വെള്ളിമാടുകുന്നിലെ ജുവനൈല്‍ ഹോമിലാണ് വിദ്യാര്‍ത്ഥികളുള്ളത്. നാളെയാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്. കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പൊലീസ് സംരക്ഷണത്തില്‍ പരീക്ഷയെഴുതാന്‍ അവസരം നല്‍കുന്നുണ്ട്. ഇതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്‌നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റില്‍ എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ഡാന്‍സ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നില്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തു. അധ്യാപകര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.
ഇതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാര്‍ത്ഥികള്‍ വീണ്ടും ഏറ്റുമുട്ടി. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ ഷഹബാസ് മരിച്ചു. ഇതിന് പിന്നാലെ പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിദ്യാര്‍ത്ഥികളുടെ അടിയില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ത്തുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.
Content Highlights- Youth congress release statement against accused who killed shahabas