'ഇന്നത്തെ സിനിമകള്‍ കുട്ടികളെ സ്വാധീനിക്കുന്നു'; സിനിമയിലെ അക്രമവാസന പരിശോധിക്കണമെന്ന് മുഖ്യമന്ത്രി

'സിനിമയില്‍ 'എടാ മോനെ' എന്ന് വിളിച്ച റൗഡി ഗ്യാങ്ങിനൊപ്പം വിദ്യാര്‍ത്ഥികള്‍ പോയതുപോലെ ചില കുട്ടികള്‍ പോയതായി പൊലീസ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്'

dot image

തിരുവനന്തപുരം: ഇന്നത്തെ സിനിമകള്‍ കുട്ടികളെ സ്വാധീനിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമയിലെ അക്രമവാസന പരിശോധിക്കണം. അത് പരിശോധിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണ്. സിനിമയില്‍ 'എടാ മോനെ' എന്ന് വിളിച്ച റൗഡി ഗ്യാങ്ങിനൊപ്പം വിദ്യാര്‍ത്ഥികള്‍ പോയതുപോലെ ചില കുട്ടികള്‍ പോയതായി പൊലീസ് റിപ്പോര്‍ട്ട് കിട്ടിയിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

താന്‍ പഠിക്കുന്ന കാലത്ത് രണ്ട് ഷര്‍ട്ട് മാത്രമാണ് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നത്തെ തലമുറ പഠനം ഭൗതിക നേട്ടത്തിന് മാത്രമായാണ് കാണുന്നത്. അറിവുള്ളതിനൊപ്പം കനിവുള്ളവരായിക്കൂടി കുട്ടികള്‍ വളരണം. കുഞ്ഞുങ്ങളെ വേലി കെട്ടി വളര്‍ക്കുന്ന പ്രവണതയുണ്ട്. അതില്‍ നിന്ന് രക്ഷിതാക്കള്‍ പിന്മാറണം. കുട്ടിക്കാലത്തു തന്നെ പണം മുടക്കി പ്രൊഫഷണല്‍ സ്ഥാപനങ്ങളിലേക്ക് കോച്ചിങിനെന്ന് പറഞ്ഞ് അയയ്ക്കും. ഇതൊക്കെ കുട്ടികളുടെ കുട്ടിത്തവും, കുട്ടിക്കാലത്തെ ജനാധിപത്യ ബോധവും ഇല്ലാതാക്കുന്ന നടപടികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചില കുടുംബങ്ങളില്‍ പരസ്പരം സംസാരിക്കാന്‍ സമയമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോരുത്തര്‍ക്കും അവരവരുടെ സ്വകാര്യതയാണ് മുഖ്യം. ഇതിനിടെ കുട്ടികള്‍ക്കിടയില്‍ വല്ലാത്തൊരു അനാഥത്വം ഉടലെടുക്കും. ഇവിടെ കുട്ടികളുടെ കാര്യങ്ങള്‍ മാത്രമേ നമ്മള്‍ പറയുന്നുള്ളൂ. രക്ഷിതാക്കള്‍ എങ്ങനെ രക്ഷിതാക്കളായി മാറണം, അവര്‍ എന്ത് ചെയ്യണം തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. മാതാപിതാക്കള്‍ അവരവരുടെ ലോകത്തേയ്ക്ക് മാറുമ്പോള്‍ കുട്ടികള്‍ തങ്ങളുടേതായ ഡിജിറ്റല്‍ ലോകത്തേക്ക് മാറുകയാണ്. വൈകാതെ കുട്ടികളില്‍ ഡിജിറ്റല്‍ അഡിഷനിലേക്ക് വഴിമാറും. അതില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുമ്പോള്‍ അച്ഛനും അമ്മയും അവര്‍ക്ക് ശത്രുക്കളാകും. ഡിജിറ്റല്‍ അഡിഷന്‍ ഇന്നത്തെ കാലത്ത് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹിക ബോധവും രാഷ്ട്രീയ സാക്ഷരതയുമുള്ള ക്യാമ്പസുകള്‍ വേണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എങ്കില്‍ മാത്രമേ അരാജക പ്രവണതകളെ ഇല്ലാതാക്കാന്‍ കഴിയൂ. സമൂഹത്തിന്റെ എല്ലാ ധാരയും ചേര്‍ന്നുള്ള ഒരു ക്യാംപെയ്ന്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content HIghlights- CM Pinarayi vijayan about movie

dot image
To advertise here,contact us
dot image