
കൊച്ചി: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അപ്പീലിലെ വിധിന്യായത്തിൽ ഗൗരവതരമായ നിരീക്ഷണങ്ങളുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. നവീൻ ബാബുവിന്റേത് കൊലപാതകമാണ് എന്ന കുടുംബത്തിന്റെ സംശയം യുക്തിപരമാകണമെന്നും സാങ്കൽപ്പികമാകരുതെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. അന്വേഷണം നടത്തുന്ന സംസ്ഥാന പൊലീസിനെതിരെ ഹർജിയിലൂടെ ആക്ഷേപം ഉന്നയിച്ചതുകൊണ്ട് മാത്രം അന്വേഷണം സിബിഐക്ക് കൈമാറാനാവില്ല. സൂക്ഷമതയോടെയാവണം സിബിഐ അന്വേഷണ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. സിബിഐ അന്വേഷണം അസാധാരണ സാഹചര്യങ്ങളിൽ മാത്രം മതിയെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്കെതിരെ കുടുംബത്തിന് ആക്ഷേപമില്ലെന്നാണ് ഹൈക്കോടതിയുടെ മറ്റൊരു നിരീക്ഷണം. അന്വേഷണം സുതാര്യമല്ലെന്ന് കരുതാനാവില്ല. നവീൻ ബാബുവിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയതിൽ പിഴവുണ്ടെന്ന് കേസ് ഡയറിയിലൂടെ കണ്ടെത്താനായില്ല. നവീൻ ബാബുവിന്റേത് ആത്മഹത്യയോ അതോ കൊലപാതകമോ എന്ന അന്തിമ തീരുമാനത്തിൽ എസ്‌ഐടി എത്തിയിട്ടില്ല. നവീൻ ബാബുവിന്റേത് കൊലപാതകം ആണോ എന്ന കാര്യവും അന്വേഷിക്കാൻ സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശമുണ്ടെന്നും ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.
സിബിഐ അന്വേഷിക്കേണ്ട കേസല്ല നവീൻ ബാബുവിന്റെ മരണം. നിലവിൽ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണം സുതാര്യമല്ലെന്നോ ഏകപക്ഷീയമാണെന്നോ കരുതാനാവില്ല. കുടുംബത്തിന് സംശയമുണ്ടെന്നത് കൊണ്ട് മാത്രം അന്വേഷണം സിബിഐക്ക് കൈമാറാനാവില്ല. അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ള തരത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസല്ല ഇതെന്നും സിബിഐ അന്വേഷണ ആവശ്യം തള്ളിയ വിധിന്യായത്തിലുണ്ട്.
അന്വേഷണത്തിൽ ഇടപെടാൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളെ പ്രേരിപ്പിക്കുന്ന തരത്തിൽ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന കേസല്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുന്നു. പാർട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാനായി നേതാക്കൾ ഇടപെടുന്ന കേസുമല്ല ഇത്. കേസിലൂടെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നില്ല. കൃത്യമായ പ്രോട്ടോക്കോൾ പാലിച്ച് ഏത് ഏജൻസിക്കും അന്വേഷിക്കാവുന്ന കേസാണിതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ന്യായവും നിഷ്പക്ഷവുമായ രീതിയിൽ നടക്കില്ല എന്ന സംശയത്തിന് അടിസ്ഥാനമില്ല. ഇരയ്ക്ക് സംശയം തോന്നുന്നതിനാൽ മാത്രം അന്വേഷണം മറ്റൊരു ഏജൻസിക്ക് കൈമാറാൻ കഴിയില്ല. അന്വേഷണം സിബിഐക്ക് കൈമാറാൻ കുടുംബത്തിന്റെ വികാരം പര്യാപ്തമായ കാരണമല്ല. കൃത്യമായ കാരണങ്ങൾ ഇല്ലാതെ കേസുകൾ കൈമാറിയാൽ സാധാരണ നിയമ പ്രക്രിയയിലുള്ള വിശ്വാസം പൊതുജനത്തിന് നഷ്ടപ്പെടുമെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.
Content Highlights: High Court Division Bench on Naveen Babu Case