
തിരുവനന്തപുരം: സ്ത്രീകൾ അടുത്ത തെരഞ്ഞെടുപ്പിൽ പ്രതികാരം ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ആശ വർക്കർമാരെ മഴയത്ത് നിറുത്തിയ പാർട്ടിയെ ആജീവനാന്തം ആളുകൾ പുറത്തു നിറുത്തുമെന്നും മുരളീധരൻ ചൂണ്ടിക്കാണിച്ചു. ആന്ധ്രയിൽ ആശ വർക്കർമാർക്ക് ഒന്നര ലക്ഷത്തിന്റെ ഗ്രാറ്റുവിറ്റിയും ശമ്പളത്തോടെ പ്രസവ അവധിയും നൽകി. കേന്ദ്രം നൽകാൻ കാത്തുനിൽക്കേണ്ട സാഹചര്യമില്ല. ഒരു ജോലിയും ചെയ്യാത്ത പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും ലക്ഷങ്ങൾ ശമ്പളം കൂട്ടി നൽകി. കേന്ദ്രം പണം നൽകിയത് കൊണ്ടല്ലല്ലോ ഇവർക്ക് ശമ്പളം വർദ്ധിപ്പിച്ച് നൽകിയതെന്നും കെ മുരളീധരൻ ചോദിച്ചു. ധൂർത്തിന് കാശുണ്ടെന്നും ഒരു ജോലിയും ഇല്ലാത്ത കെ വി തോമസിന് ലക്ഷങ്ങൾ നൽകുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു.
കഞ്ചാവ് അടിച്ചുള്ള കൊലപാതകം കണ്ട് ആളുകളുടെ മനസ്സാക്ഷി മരവിച്ചുവെന്ന് ചൂണ്ടിക്കാണിച്ച കെ മുരളീധരൻ ഇതിൽനിന്ന് ആശ്വാസം തേടി കോൺഗ്രസിലെ വാർത്തകൾ കാണാൻ വേണ്ടി ആളുകൾ ചാനൽ മാറ്റുന്നുവെന്നും പറഞ്ഞു. നാട്ടുകാർക്ക് ജോലി കഞ്ചാവ് പിടിക്കലാണോ. പ്രതിജ്ഞ എടുക്കാൻ പറയുന്നു. മുഖ്യമന്ത്രി പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു. കള്ളുഷാപ്പിൽ നിന്ന് ഇറങ്ങി വരുന്നവർ അത് ഏറ്റ് ചൊല്ലുമെന്നും കെ മുരളീധരൻ പരിഹസിച്ചു.
പിണറായി മൂന്നാം വട്ടം വന്നാൽ മക്കൾ മാതാപിതാക്കളെ കൊല്ലും, മാതാപിതാക്കൾ മക്കളെ കൊല്ലുമെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. വീട്ടിൽ പൂച്ചയെ കാണുന്നതുപോലെ വയനാട്ടിൽ കടുവയെ കാണുന്നു. വനംമന്ത്രിയെ കണ്ടാൽ മയക്കുവെടി ഏറ്റതുപോലെ തോന്നും. പുലിയുടെ അടുത്ത് ഫാമിലി പ്ലാനിങ് നടത്താൻ കഴിയില്ല. കാട്ടിൽ കയറി കൊല്ലാൻ പാടില്ല എന്നേയുള്ളൂ. നാട്ടിൽ ഇറങ്ങുന്ന കാട്ടുമൃഗങ്ങളെ പിടിച്ച് ഉമ്മ വയ്ക്കാൻ കഴിയില്ല. തങ്ങളെക്കാൾ ഭീകരരാണ് നാട് ഭരിക്കുന്നതെന്ന് കാട്ടുമൃഗങ്ങൾക്ക് അറിയാം അതുകൊണ്ട് അവർ കാട്ടിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങുന്നുവെന്നും കെ മുരളീധരൻ പരിഹസിച്ചു.
കോൺഗ്രസ് ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും കെ മുരളീധരൻ പ്രതികരിച്ചു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും ഇടയ്ക്ക് തട്ടലും മുട്ടലും ഉണ്ടാകുമെന്നും മുരളീധരൻ വ്യക്തമാക്കി.
Content Highlights: k muraleedharan criticize kerala government