
കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ടു എന്ന വാര്‍ത്തയില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജയകൃഷ്ണന്‍ ടി. താന്‍ ഫേസ്ബുക്കില്‍ ഇട്ട ഒരു പോസ്റ്റിന് തിരുവനന്തപുരത്ത ഒരു പത്രപ്രവര്‍ത്തകന്‍ അയച്ച കമന്റ് സ്റ്റാറ്റസായി അബദ്ധത്തില്‍ വന്നതാണ് വാര്‍ത്തയ്ക്ക് ആധാരമായതെന്ന് ജയകൃഷ്ണന്‍ പറഞ്ഞു. കുട്ടികള്‍ ഫോണെടുത്ത് കളിച്ചപ്പോള്‍ സ്റ്റാറ്റസായി പോസ്റ്റര്‍ വരികയായിരുന്നു. കേരളത്തിലെ ഒരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും തന്റെയും അഭിമാനമാണ് വി ഡി സതീശനെന്നും ജയകൃഷ്ണന്‍ പറയുന്നു.
കേരള നിയമസഭയ്ക്ക് അകത്ത് കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇടതുപക്ഷ സര്‍ക്കാരിനെതിരെ ശക്തമായി മുന്നേറുന്നയാളാണ് വി ഡി സതീശനെന്നും ജയകൃഷ്ണന്‍ പറഞ്ഞു. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും ആവേശമായി മാറിയ നേതാവാണ് സതീശന്‍. അദ്ദേഹത്തെക്കുറിച്ച് മോശമായ വാര്‍ത്ത പ്രചരിപ്പിക്കുന്ന തരത്തില്‍ താന്‍ സ്റ്റാറ്റസിട്ടു എന്ന് പറയുന്നത് ദുഃഖകരമാണെന്നും ജയകൃഷ്ണന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ ഒരു പരിപാടിയുടെ ഫോട്ടോ ഇട്ടാല്‍ അതിനെ അഭിനന്ദിച്ചും വിമര്‍ശിച്ചും കമന്റുകള്‍ വരാറുണ്ട്. അബദ്ധത്തില്‍ വന്ന കാര്യം പാര്‍ട്ടിക്ക് അകത്ത് വിഭാഗീയത ഉണ്ടാക്കുന്നു എന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയാണ്. വി ഡി സതീശന്‍ അനിഷേധ്യ നേതാവാണ്. അദ്ദേഹം തങ്ങള്‍ക്ക് കരുത്ത് പകരുന്ന നേതാവും കൂടിയാണെന്ന് ആയിരം വട്ടം പരസ്യമായി പറയാന്‍ തയ്യാറാണെന്നും ജയകൃഷ്ണന്‍ വ്യക്തമാക്കി.
വി ഡി സതീശനെ പരിഹസിക്കുന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അടുത്ത അനുയായികൂടിയായ ജയകൃഷ്ണന്‍ പങ്കുവെച്ചു എന്നായിരുന്നു വാര്‍ത്തകള്‍ 'നേതാവേ അടുത്ത വിഷയം' എന്ന് ജയകൃഷ്ണന്‍ ചോദിക്കുന്നതായും 'ഒരു നിശ്ചയവുമില്ല മനോരമയില്‍ ഒന്നും വന്നില്ല' എന്ന് വിഡി സതീശന്‍ മറുപടി പറയുന്നതായുമുള്ള ഇരുവരുടെയും ചിത്രം ഉള്‍പ്പെടുന്ന കാര്‍ഡാണ് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസായി പ്രത്യക്ഷപ്പെട്ടത്. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായതോടെയാണ് ജയകൃഷ്ണന്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
Content Highlights- congress leader jayakrishnan explanation on his whatsapp status against v d satheesan