'ഏത് കൊടികുത്തിയ അപ്പന്മാരുടെ മക്കളായാലും നീയൊക്കെ അനുഭവിക്കും'; ഷഹബാസിൻ്റെ മരണത്തിൽ മഞ്ജു പത്രോസ്

തൻ്റെ മകനോടായിരുന്നു നീയൊക്കെ ഇതു ചെയ്തതെങ്കിൽ ഇന്ന് താൻ ജയിലിൽ ഉണ്ടായേനെയെന്നും മഞ്ജു പത്രോസ്

dot image

കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ കുറിപ്പുമായി സിനിമ, സീരിയൽ താരം മഞ്ജു പത്രോസ്. മകന്റെ കൈ വളരുന്നോ കാൽ വളരുന്നോയെന്ന് നോക്കി ജീവിക്കുന്ന ഒരു രക്ഷിതാവാണ് താനെന്നും അതുകൊണ്ട് തന്നെ ഷഹബാസിന്റെ മാതാപിതാക്കൾക്കുണ്ടായ നഷ്ടത്തിന്റെ വ്യാപ്തി മനസിലാകുമെന്നും മഞ്ജു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഏത് കൊടികുത്തിയ അപ്പന്മാരുടെ മക്കൾ ആയാലും ശരി ചെയ്ത തെറ്റിന് നീയൊക്കെ അനുഭവിക്കാതെ പോവില്ലെന്നും തൻ്റെ മകനോടായിരുന്നു നീയൊക്കെ ഇതു ചെയ്തതെങ്കിൽ ഇന്ന് താൻ ജയിലിൽ ഉണ്ടായേനെയെന്നും മഞ്ജു പറഞ്ഞു.

മഞ്ജു പത്രോസിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

‘‘18 വയസുള്ള മകന്റെ അമ്മയാണ് ഞാൻ. കൈ വളരുന്നോ കാൽ വളരുന്നോ എന്ന് നോക്കി നോക്കി വളർത്തിയ മകൻ. അവനെ ചുറ്റി പറ്റിയാണ് എന്റെ ജീവിതം. എൽകെജി ക്ലാസ്സിന്റെ മുന്നിൽ നിന്ന് വാവിട്ട് കരഞ്ഞ എന്നോട് എനിക്ക് ഇപ്പോഴും അദ്ഭുതം ഇല്ല. കാരണം അവൻ എന്റെ പ്രാണനാണ്. അവന്റെ ഒരു കുഞ്ഞു വിരൽ മുറിഞ്ഞാൽ എന്റെ ഉറക്കം നഷ്ടപ്പെടും. സ്വരം ഇടറിയാൽ എന്താണെന്ന് അറിയുന്ന വരെ വിളിച്ചു കൊണ്ടിരിക്കും.എന്റെ തലയിൽ തൊട്ട് സത്യം ചെയ്യുന്ന വരെ എനിക്ക് ഉറപ്പുണ്ടാകില്ല. എൻ്റെ കാര്യം പറഞ്ഞെങ്കിലും എന്നെ പോലെ ഒരുപാട് അച്ഛന്മാരും അമ്മമാരുമുണ്ട്. അങ്ങനെ ഉള്ള ഒരമ്മയ്ക്കും അച്ഛനുമാണ് അവരുടെ പറക്കമുറ്റാത്ത മകനെ നഷ്ടപെട്ടത്. നഷ്ടപെട്ടതല്ല.നഷ്ടപ്പെടുത്തിയത്..കാരണക്കാർ തോളത്തു കയ്യിട്ടു നടക്കേണ്ട കൂട്ടുകാർ. അവർക്ക് വേണ്ടി വാദിക്കാൻ കുറെ പേര്.. പരീക്ഷയെഴുതണം പോലും.ഏതെങ്കിലും ഒരു അച്ഛന് ഒരു അമ്മയ്ക്ക് ക്ഷമിക്കാൻ സാധിക്കുമോ ഈ പ്രവൃത്തികൾ.. ആ കുഞ്ഞിന്റെ മുഖം കണ്ടിട്ട് ഒരിക്കൽ പോലും നേരിൽ കാണാത്ത നമുക്ക് സഹിക്കാൻ കഴിയുന്നില്ല.. അവർക്ക് മാതൃകപരമായ ശിക്ഷ നൽകേണ്ടതിനു പകരം എന്താണ് ഇവിടെ നടക്കുന്നത്. ഏതു കൊടികുത്തിയ അപ്പന്മാരുടെ മക്കൾ ആയാലും ശരി ചെയ്ത തെറ്റിന് നീയൊക്കെ അനുഭവിക്കാതെ പോവില്ല.. ‘അവന്റെ കണ്ണൊന്നു പോയി നോക്ക് നീ’ എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞില്ലേ നീ.. എൻ്റെ മകനോടായിരുന്നു നീയൊക്കെ ഇതു ചെയ്തതെങ്കിൽ..ഇന്ന് ഞാൻ ജയിലിൽ ഉണ്ടായേനെ… എന്തിനെന്നു പറയേണ്ടല്ലോ.. കുഞ്ഞേ മാപ്പ്…. ഷഹബാസ്’’

Content Highlights- Manju pathrose facebook post about shahabas death

dot image
To advertise here,contact us
dot image