ഷഹബാസിന്റെ കൊലപാതകം: കസ്റ്റഡിയിലെടുത്ത വിദ്യാർഥിയുമായി ആക്രമണം നടന്ന സ്ഥലത്ത് പരിശോധന

ഫോറൻസിക് പരിശോധനാഫലം വന്ന ശേഷം തുടർ ന‍ടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു

dot image

കോഴിക്കോട് : താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസിൽ കൂടുതൽ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്. ഇന്ന് കസ്റ്റഡിയിൽ എടുത്ത വിദ്യാർത്ഥിയെ ആക്രമണം നടന്ന സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി. ഫോറൻസിക് പരിശോധനാഫലം വന്ന ശേഷം തുടർ ന‍ടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ആക്രമണവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ അയച്ചവരെ കണ്ടെത്താനാണ് പൊലീസിന്റെ അടുത്തനീക്കം. 'ഗ്രൂപ്പ് 57' എന്ന പേരിലുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പൊലീസ് വിശദ പരിശോധന നടത്തുന്നുണ്ട്.

അതേ സമയം താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രധാന കുറ്റാരോപിതൻ്റെ പിതാവിനെയും പ്രതി ചേർത്തേക്കും. ഷഹബാസിനെ ആക്രമിക്കാനുള്ള നഞ്ചക്ക് നൽകിയത് ഇയാളെന്ന വിലയിരുത്തലിലാണ് ഈ നീക്കം. പ്രതികളിൽ ഒരാളുടെ പിതാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ്. മൂന്ന് പ്രധാന കുറ്റോരോപിതരും താമരശ്ശേരി സ്കൂളിൽ നേരത്തെ ഉണ്ടായ സംഘർഷങ്ങളിലെ പ്രധാനികളാണെന്നുള്ള വിവരവും പുറത്തു വന്നിട്ടുണ്ട്.

ഇന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിയും ഷഹബാസിനെ കൂട്ടംകൂടി മർദ്ദിച്ചവരിൽ ഉണ്ടെന്ന് പൊലീസ് പറയുന്നു. ഇൻസ്റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിയെ ചോ​ദ്യം ചെയ്ത ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. ഇതോടെ ആറ് പേരാണ് ഷഹബാസ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലായിരിക്കുന്നത്.

അതേ സമയം ഷഹബാസിന്റെ കൊലപാതകത്തിൽ കൂടുതൽ സൈബർ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഷഹബാസിനെ കൊലപ്പെടുത്തുന്നതിന് മുൻപ് സന്ദേശങ്ങൾ കൈമാറിയ ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ഉൾപ്പെടെയുള്ള ഓൺലൈൻ ​ചാറ്റുകളെ കുറിച്ചും അഡ്മിൻമാരെ കുറിച്ചും പൊലീസ് വിശദമായ വിവരങ്ങൾ തേടും. ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിൽ വ്യക്തത വരുത്താനാണ് പൊലീസിന്റെ നീക്കം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ വിദ്യാർത്ഥികൾ സംഘർഷത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മറ്റ് വിദ്യാർത്ഥികൾക്ക് എതിരെ കേസെടുത്ത് പ്രതി ചേർക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.

അതേസമയം നഞ്ചക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കുറ്റാരോപിതരുടെ കൈവശം എങ്ങനെ എത്തി എന്നതിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. രക്ഷിതാക്കളുടെ പ്രേരണ കുറ്റകൃത്യം ചെയ്യുന്നതിലേക്ക് കുട്ടികളെ നയിച്ചോ എന്നതും പരിശോധിക്കും. നേരത്തെ ക്രിമിനൽ പശ്ചാത്തലമുള്ള ആളുടെ വീട്ടിൽ നിന്ന് നഞ്ചക് കണ്ടെത്തിയെങ്കിലും ഷഹബാസിൻ്റെ കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുള്ളതായി പ്രാഥമിക തെളിവുകൾ ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പിടിച്ചെടുത്ത ഫോണുകൾ ഉൾപ്പെടെയുള്ളവയുടെ ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം കേസിൽ കുറ്റപത്രം നൽകാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.

അതേ സമയം കഴിഞ്ഞദിവസം കുറ്റാരോപിതരായ വിദ്യാ‍ർത്ഥികളെ എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിച്ചതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാർത്ഥികളെ പരീക്ഷ എഴുതാനിരുത്തിയ കെയർഹോമിന് മുൻപിൽ എംഎസ്എഫ്, കെഎസ്‌യു, യൂത്ത് കോൺ​ഗ്രസ് അടക്കമുള്ള സംഘടനകൾ വൻ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോ​ഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഉൾപ്പടെയുള്ള പ്രമുഖ നേതാക്കളെയും സംഘർഷസാധ്യത കണക്കിലെടുത്ത് പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു.

താമരശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികളായ അഞ്ച് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാർത്ഥി സംഘർഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവൻ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷൻ സെന്ററിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റിൽ എം ജെ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികൾ ഡാൻസ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നിൽക്കുകയും ചെയ്തു. ഇതേതുടർന്ന് താമരശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികൾ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉടലെടുത്തു. അധ്യാപകർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.

ഇതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാർത്ഥികൾ വീണ്ടും ഏറ്റുമുട്ടി. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ ഷഹബാസ് മരിച്ചു. ഇതിന് പിന്നാലെ പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വിദ്യാർത്ഥികളുടെ അടിയിൽ ഷഹബാസിന്റെ തലയോട്ടി തകർന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.‌‌‌

content highlights : Shahbaz's death; Inspection at the scene of the attack with the student in custody

dot image
To advertise here,contact us
dot image