'ഒരു കുട്ടിയുടെ പിതാവ് ഫോണിൽ വിളിച്ച് എൻ്റെ മകനാണെന്ന് അറിയില്ലായിരുന്നുവെന്ന് പറഞ്ഞു'; ഷഹബാസിൻ്റെ പിതാവ്

'നഞ്ചക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കണ്ടെടുത്ത വീട്ടിലുള്ളവർക്കും കൊലപാതകത്തിൽ പങ്കുണ്ട്'

dot image

കോഴിക്കോട്: ഷഹബാസിന്റെ കൊലപാതകം വിദ്യാർത്ഥികൾ ഒറ്റയ്ക്ക് ആസൂത്രണം ചെയ്തതായി വിശ്വസിക്കുന്നില്ലെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ. ആയുധങ്ങൾ കണ്ടെടുത്തത് വീട്ടിൽ നിന്നാണെങ്കിൽ രക്ഷിതാക്കളുടെ അറിവോട് കൂടിയാണ് ആക്രമണം നടന്നതെന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ പ്രാവശ്യം ഉണ്ടായ പ്രശ്നങ്ങൾ ഒതുക്കി തീർത്തിരുന്നു. കുറ്റവാളികളെ രാഷ്ട്രീയം നോക്കാതെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വന്ന് തക്കതായ ശിക്ഷ നൽകണം. എങ്കിൽ മാത്രമെ ഇത്തരത്തിലുളള ആക്രമണം തടയാൻ കഴിയുവെന്ന് ഇഖ്ബാൽ മാധ്യമങ്ങളോട് പറഞ്ഞു.

'നഞ്ചക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കണ്ടെടുത്ത വീട്ടിലുള്ളവർക്കും കൊലപാതകത്തിൽ പങ്കുണ്ട്. ഷഹബാസ് അത്യാസന്ന നിലയിൽ കിടക്കുകയാണെന്ന് റിപ്പോർട്ട് വന്നതിന് ശേഷം ഒരു കുട്ടിയുടെ പിതാവ് ഫോണിൽ വിളിച്ച് എൻ്റെ മകനാണ് ഷഹബാസെന്ന് അറിയില്ലായിരുന്നു എന്ന് പറഞ്ഞു. ആ കുട്ടിയും എന്റെ മകനൊപ്പം പഠിച്ചതാണ്. രണ്ട് സ്കൂളുകൾ ചേരി തിരിഞ്ഞുണ്ടായ പ്രശ്നമാണ്. ഉണ്ടായ ആക്രമണം സാധാരണ ​ഗതിയിലുളള ആക്രമണമല്ല. വരുന്ന ദിവസങ്ങളിൽ എല്ലാ കാര്യവും തെളിയിക്കപ്പെടും. നിരപരാധിയായ എന്റെ മകൻ കൊല ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ ഉൾപ്പെട്ട മുഴുവൻ ആളുകളും നിയമത്തിന് മുന്നിൽ വരുമെന്നാണ് വിശ്വസിക്കുന്നത്. അതിന് അന്വേഷണം സത്യസന്ധമായി നടത്തണം', ഇഖ്ബാൽ മാധ്യമങ്ങളോട് പറഞ്ഞു.

'രാഷ്ട്രീയ ഭേദമെന്യേ ഇതിൽ ഒറ്റക്കെട്ടായി നിന്നാൽ ഇതുപോലുളള ആക്രമങ്ങൾ നിർത്തലാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഇതിനൊരു താക്കീത് കൊടുക്കാതെ മുന്നോട്ട് പോകാനാണ് ഉദ്ദേശമെങ്കിൽ വരും തലമുറയും നശിച്ച് കൊണ്ടിരിക്കും. കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി ആരും ഇതുവരെ സമീപിച്ചട്ടില്ല. അവർ ചെയ്തത് തെറ്റാണെന്ന് അവർക്ക് തന്നെ ബോധ്യമുണ്ട്. കഴിഞ്ഞ പ്രാവശ്യം പ്രശ്നങ്ങൾ ഉണ്ടായപ്പോഴും മാതാപിതാക്കൾ ഇനിയൊരു പ്രശ്നമുണ്ടാകില്ലെന്ന് പറഞ്ഞതാണ്. കളളക്കേസിൽ പ്രതിയായ ഒരാളുടെ മകനും ഈ കേസിൽ പങ്കാളി'യാണെന്നും ഇഖ്ബാൽ പറഞ്ഞു.

'എനിക്ക് വന്നൊരു ദുരനുഭവം മറ്റൊരു രക്ഷിതാവിനും വരാൻ പാടില്ല. ഗവൺമെന്റും നീതി പീഠവും ഇതിനെതിരെ ശക്തമായി ​ പ്രതികരിക്കണം. താക്കീത് നൽകാതെ മുന്നോട്ട് പോയാൽ തിരുത്താനാകില്ല. നല്ല രീതിയിൽ അന്വേഷണം മുന്നോട്ട് പോയാൽ കൂടുതൽ പ്രതികളെ കണ്ടെത്താൻ കഴിയും. ഇതുവരെയുളള അന്വേഷണത്തിൽ വളരെ തൃപ്തനാണ്. സ്വാധീനങ്ങളിൽ വഴങ്ങില്ലെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ ഉറപ്പ് നൽകിയിട്ടുണ്ട്. ആക്രമണം നടത്തിയ ചില കുട്ടികളുടെ രക്ഷിതാക്കളും ബന്ധുക്കളും രാഷ്ട്രീയ സ്വാധീനം ഉളളവരാണ്. കേസ് അട്ടിമറിക്കാൻ അവർക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നുണ്ട്. എന്റെ കുട്ടി പോയി, അതിന് കാരണക്കാരയവർക്ക് ശിക്ഷ ലഭിക്കണമെന്ന് ആ​ഗ്രഹിക്കുന്ന രക്ഷിതാവാണ് ഞാൻ', ഇഖ്ബാൽ കൂട്ടിച്ചേർത്തു.

അതേ സമയം, ഷഹബാസിന്റെ കൊലപാതകക്കേസിൽ ഒരു വിദ്യാർത്ഥിയെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷഹബാസിനെ കൂട്ടംകൂടി മർദ്ദിച്ചതിൽ വിദ്യാർത്ഥിക്കും പങ്കുണ്ടെന്ന കണ്ടെത്തലിലാണ് പൊലീസ് നടപടി. ഇൻസ്റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിയെ ചോ​ദ്യം ചെയ്ത ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. ഇതോടെ ആറ് പേരെയാണ് ഷഹബാസ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഘർഷത്തിൽ പങ്കെടുത്ത കൂടുതൽ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.

താമരശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികളായ അഞ്ച് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാർത്ഥി സംഘർഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവൻ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷൻ സെന്ററിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റിൽ എം ജെ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികൾ ഡാൻസ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നിൽക്കുകയും ചെയ്തു. ഇതേതുടർന്ന് താമരശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികൾ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉടലെടുത്തു. അധ്യാപകർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.

ഇതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാർത്ഥികൾ വീണ്ടും ഏറ്റുമുട്ടി. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ ഷഹബാസ് മരിച്ചു. ഇതിന് പിന്നാലെ പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിദ്യാർത്ഥികളുടെ അടിയിൽ ഷഹബാസിന്റെ തലയോട്ടി തകർന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.

Content Highlights: Shahbaz's father wants criminals to be brought to justice regardless of politics

dot image
To advertise here,contact us
dot image