
കോഴിക്കോട്: കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയില്‍. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും 89 ഗ്രാം എംഡിഎംഎയുമായാണ് യുവാവ് അറസ്റ്റിലായത്.
ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിലെ ബസ് സ്റ്റാന്‍ഡുകളില്‍ പരിശോധന നടത്തുകയായിരുന്നു പൊലീസ്. ഇതിനിടെയാണ് ബെംഗളരുവില്‍ നിന്നും ടൂറിസ്റ്റ് ബസ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലേക്കെത്തിയത്. ഈ സമയത്ത് ഡാന്‍സാഫും കസബ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കുണ്ടായിത്തോട് സ്വദേശി കെ അജിത് പിടിയിലായത്.
ഇയാളില്‍ നിന്ന് 89 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ച് കുണ്ടായിത്തോട്, ഫറോക് മേഖലയില്‍ രാസലഹരി വിതരണം ചെയ്യുകയാണ് ഇയാളുടെ പതിവ്.
ലഹരി ഉപയോഗം വര്‍ധിച്ചതിനെ തുടര്‍ന്ന് എഞ്ചിനീയറിംഗ് ഡിപ്ലോമ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചതാണ് അജിത്. ലഹരിയില്ലാതെ പറ്റില്ലെന്നായപ്പോള്‍ പണം കണ്ടെത്താന്‍ രാസലഹരി വില്‍പ്പന തൊഴിലാക്കുകയായിരുന്നു. അജിത് ആര്‍ക്കൊക്കെയാണ് ലഹരി മരുന്ന് എത്തിച്ചു നല്‍കുന്നതെന്ന കാര്യം പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.