ഊരും പേരുമില്ലാത്ത ഒരു കുറിപ്പ്, ആശ സമരത്തിൽ കേരളത്തെ കുറ്റപ്പെടുത്തുന്ന കേന്ദ്ര പ്രസ്താവന വ്യാജം; വീണാ ജോർജ്

'ഏതോ സോഷ്യല്‍ മീഡിയാ സെല്ലില്‍ നിന്നും ഉത്ഭവിച്ചതാണ് ഈ കുറിപ്പ്'

dot image

തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തിൽ കേരളത്തെ കുറ്റപ്പെടുത്തുന്ന കേന്ദ്ര പ്രസ്താവന വ്യാജമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. പുറത്തുവന്നത് ഊരും പേരുമില്ലാത്ത ഒരു കുറിപ്പാണ്. സര്‍ക്കാരിന്റേതോ മന്ത്രാലയത്തിന്റേയോ അല്ലെന്ന് വ്യക്തമാണ്. ഏതോ സോഷ്യല്‍ മീഡിയാ സെല്ലില്‍ നിന്നും ഉത്ഭവിച്ചതാണ് ഈ കുറിപ്പ് എന്നും വീണാ ജോർജ് വ്യക്തമാക്കി. കുറിപ്പിന്റെ ആധികാരികത പരിശോധിക്കാതെ വാർത്ത പ്രസിദ്ധീകരിച്ചതിൽ മന്ത്രി മാധ്യമങ്ങളെ വിമർശിക്കുകയും ചെയ്തു.

ആശ വർക്കർമാരുടെ സമരം സംസ്ഥാന സർക്കാരിന്റെ പരാജയമെന്നായിരുന്നു കുറിപ്പിൽ പറഞ്ഞിരുന്നത്. അവർക്ക് ശമ്പളം നൽകാൻ കഴിയാത്തത് സർക്കാരിന്റെ കഴിവുകേടാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് 938.80 കോടി രൂപ നല്‍കിയിരുന്നു. ബജറ്റില്‍ വകയിരുത്തിയതില്‍ അധികമായി 120 കോടി കേരളത്തിന് നല്‍കിയെന്നും കുറിപ്പിൽ പറയുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പേരിലായിരുന്നു കുറിപ്പ് പുറത്തിറങ്ങിയത്.

പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ ആശ-അം​ഗൻവാടി വർക്കർമാരോട് ഉദാസീനത കാണിക്കുന്നു. സംസ്ഥാന സർക്കാരിന്റെ പരാജയം മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണെന്നും കുറിപ്പിൽ ആരോപിച്ചിരുന്നു. നേരത്തെ കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി ആശ വർക്കർമാരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ഉന്നയിച്ച് കേന്ദ്ര ആരോ​ഗ്യ മന്ത്രി ജെ പി നഡ്ഡയുമായി സംസാരിച്ചിരുന്നു. ഈ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പേരിൽ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.

നിലവിൽ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം തുടർന്നുകൊണ്ടിരിക്കുകയാണ് ആശ വർക്കർമാർ. സമരം 24-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഫെബ്രുവരി പത്ത് മുതലാണ് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം തുടങ്ങിയത്. ഇതിനിടയില്‍ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം കുടിശ്ശിക സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. ജനുവരി മാസത്തെ കുടിശ്ശികയാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശിക വിതരണം പൂര്‍ത്തിയായി. എന്നാല്‍ ഓണറേറിയും വര്‍ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ആശ വര്‍ക്കര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: Centre Criticize Kerala in Asha Workers Protest Minister Veena George Said its Fake

dot image
To advertise here,contact us
dot image