
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർത്ഥികൾ മർദ്ദിച്ച് കൊലപ്പെടുത്തിയ ഷഹബാസിന്റെ വീട്ടിൽ സൈബർസെല്ലിന്റെ പരിശോധന. ഷഹബാസ് ഉപയോഗിച്ച മൊബൈൽ ഫോൺ വിശദമായി സൈബർ സെല്ലംഗങ്ങൾ പരിശോധിച്ചു. അതേ സമയം ഷഹബാസിന്‍റെ കൊലപാതകത്തില്‍ മെറ്റ കമ്പനിയോട് അന്വേഷണ സംഘം വിവരങ്ങള്‍ തേടി. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് മെറ്റയോട് വിവരങ്ങള്‍ തേടിയത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകള്‍ വ്യാജമാണോയെന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മെറ്റക്ക് ഇമെയില്‍ അയച്ചിട്ടുണ്ട്.
അതേ സമയം വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ റിമാന്‍റില്‍ കഴിയുന്ന കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളും പൊലീസ് സുരക്ഷയില്‍ പരീക്ഷ എഴുതി. ജുവൈനല്‍ ഹോമിലേക്ക് ഇന്നും വിവിധ വിദ്യാർത്ഥി സംഘടനകൾ മാര്‍ച്ച് നടത്തി. കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് തടഞ്ഞ പൊലീസ് മുഴുവന്‍ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തുനീക്കി. എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷാവസ്ഥയായി. എംഎസ്എഫ് പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേ സമയം സംഘർഷത്തിൽ പങ്കെടുത്ത കൂടുതൽ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. താമരശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികളായ ആറ് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാർത്ഥി സംഘർഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവൻ നഷ്ടമായത്.
താമരശ്ശേരിയിലെ ട്രിസ് ട്യൂഷൻ സെന്ററിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റിൽ എം ജെ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികൾ ഡാൻസ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നിൽക്കുകയും ചെയ്തു. ഇതേതുടർന്ന് താമരശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികൾ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉടലെടുത്തു. അധ്യാപകർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
ഇതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാർത്ഥികൾ വീണ്ടും ഏറ്റുമുട്ടി. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ ഷഹബാസ് മരിച്ചു. പിന്നീട് പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിദ്യാർത്ഥികളുടെ അടിയിൽ ഷഹബാസിന്റെ തലയോട്ടി തകർന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.
content highlights : Cyber cell visit Shahbaz's house and check his phone; more students to be taken into custody