
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന, കേന്ദ്രസര്‍ക്കാരിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്താക്കുറിപ്പ് വ്യാജം. സാധാരണ ഗതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന വാര്‍ത്താക്കുറിപ്പുകള്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വഴിയാണ് വിതരണം ചെയ്യപ്പെടാറുള്ളത്. ഏത് മന്ത്രാലയത്തിന്റേതാണോ, അതാത് വകുപ്പുകളുടെ വെബ്‌സൈറ്റുകളിലും ഉത്തരവുകള്‍ പ്രസിദ്ധീകരിക്കപ്പെടാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യതസ്തമായി ഏത് മന്ത്രാലയത്തിന്റേത് എന്ന് പോലും വ്യക്തമാക്കാതെയുള്ള വാര്‍ത്താക്കുറിപ്പാണ് കഴിഞ്ഞ ദിവസം മുതല്‍ പ്രചരിക്കപ്പെട്ടത്. വിവിധ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയായി നല്‍കിയിട്ടുമുണ്ട്.
ബിജെപി ഐടി സെല്‍ തന്നെയാണ് ഇത്തരമൊരു വ്യാജ വാര്‍ത്താക്കുറിപ്പ് പ്രചരിപ്പിച്ചത് എന്നാണ് ഉയരുന്ന ആരോപണം. പത്രക്കുറിപ്പിലെ പ്രധാനപ്പെട്ട എല്ലാ പോയിന്റുകളും വലിയ അക്ഷരത്തില്‍ ബുള്ളറ്റ് പോയിന്റുകളായിട്ടാണ് നല്‍കിയിരിക്കുന്നത്. ഇത്തരമൊരു രീതി സര്‍ക്കാറിന്റെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പുകള്‍ക്ക് ഉണ്ടാകാറില്ല.
മാത്രവുമല്ല, കേരള സര്‍ക്കാര്‍ എന്ന് ഉപയോഗിക്കുന്നതിന് പകരം 'സിപിഐഎം-നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍', 'പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍' എന്നിങ്ങനെയാണ് പത്രക്കുറിപ്പില്‍ കേരള സര്‍ക്കാരിനെ അഭിസംബോധന ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന പത്രക്കുറിപ്പില്‍ ഒരു സംസ്ഥാനത്തെ ഇത്തരത്തില്‍ അഭിസംബോധന ചെയ്യില്ല.
കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുവദിച്ച 913.24 കോടി രൂപയ്ക്ക് പകരം 938.80 കോടി നല്‍കിയെന്നും ബജറ്റില്‍ അനുവദിച്ചതിനേക്കാള്‍ 120 കോടി രൂപ അധികം നല്‍കിയെന്നും ഈ ഭാഗത്ത് പറയുന്നു. എന്നാല്‍ തൊട്ടടുത്ത ഭാഗത്ത് വരുമ്പോള്‍ 'മോദി സര്‍ക്കാര്‍' എന്നാണ് കേന്ദ്ര സര്‍ക്കാരിനെ അഭിസംബോധന ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ എന്നാണ് സര്‍ക്കാര്‍ പത്രക്കുറിപ്പിലും ഉത്തരവിലും അഭിസംബോധന ചെയ്യുകയെന്നിരിക്കെയാണ് ഈ രീതിയിലുള്ള അഭിസംബോധന.
മാത്രവുമല്ല, ബഹുമാനപ്പെട്ട പ്രധാനമന്ത്രി 'ശ്രീ നരേന്ദ്ര മോദി ജി' എന്ന് അഭിസംബോധന ചെയ്ത് കൊണ്ടാണ് പത്രക്കുറിപ്പ് ആരംഭിക്കുന്നത്. 'കേന്ദ്ര സര്‍ക്കാരിനൊപ്പം 'നമ്മുടെ ബിജെപി-എന്‍ഡിഎ' ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ആശാ വര്‍ക്കര്‍മാരുടെയും അംഗനവാടി വര്‍ക്കര്‍മാരുടെയും ശമ്പളം സമയാസമയങ്ങളില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ആശാ-അംഗനവാടി വര്‍ക്കര്‍മാരുടെ ക്ഷേമത്തിന് വേണ്ടി മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വര്‍ക്കര്‍മാരുടെ കാര്യത്തില്‍ നിസംഗത പുലര്‍ത്തുകയാണ്. കേരളത്തില്‍ ദേശീയ ആരോഗ്യ മിഷന്‍ പദ്ധതിക്ക് കീഴിലെ ഏകദേശം 26,000 ആശാവര്‍ക്കര്‍മാര്‍ സമരത്തിലാണ്. കഴിഞ്ഞ രണ്ട് മുതല്‍ ആറ് മാസം വരെ ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. സര്‍ക്കാരിന്റെ കഴിവില്ലായ്മയെയും പരാജയത്തെയും കൈകാര്യം ചെയ്യാനുള്ള അറിവില്ലായ്മയെയും പരിഗണിക്കാതെ 'കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍' കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു. ഇവര്‍ക്ക് ശമ്പളം ലഭിക്കാത്തത് കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കുന്നത് വൈകുന്നത് കൊണ്ടാണെന്ന് മന്ത്രിമാര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഈ ആരോപണം തീര്‍ത്തും തെറ്റാണ്', ഇങ്ങനെ പോകുന്നു ഈ വ്യാജ പത്രക്കുറിപ്പിലെ വിശദാംശങ്ങള്‍.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ക്ഷേമ പദ്ധതികളെ മനഃപൂര്‍വ്വം തടസ്സപ്പെടുത്തുകയും കേന്ദ്ര സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നും അവസാന ഭാഗത്ത് സൂചിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ തീര്‍ത്തും രാഷ്ട്രീയപ്രേരിതമായി തയ്യാറാക്കപ്പെട്ട ഒരു വ്യാജ കുറിപ്പാണ് ലെറ്റര്‍ഹെഡ് പോലുമില്ലാത്ത ഒരു കത്തിന്റെ രൂപത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പത്രക്കുറിപ്പായി പ്രചരിക്കപ്പെട്ടത്. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഊരും പേരുമില്ലാത്ത ഒരു കുറിപ്പാണെന്നും പ്രഥമദൃഷ്ട്യാ അത് ഏതെങ്കിലും ഒരു സര്‍ക്കാരിന്റേതോ മന്ത്രാലയത്തിന്റേയോ അല്ലെന്ന് വ്യക്തമാണെന്നും വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു. കൃത്യമായ ആസൂത്രണത്തോടെ ഏതോ സോഷ്യല്‍ മീഡിയാ സെല്ലില്‍ നിന്നും ഉത്ഭവിച്ച ഈ കുറിപ്പ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഒരു സംശയവുമില്ലാതെ റിപ്പോര്‍ട്ട് ചെയ്തെന്നും വീണാ ജോര്‍ജ് വിമര്‍ശിച്ചു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോയുടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും വെബ് സൈറ്റുകള്‍ നോക്കിയെന്നും അവിടെയൊന്നും ഇത്തരമൊരു പത്രക്കുറിപ്പ് കണ്ടില്ലെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ് പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മാധ്യമവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തിനോടന്വേഷിച്ചെന്നും അവര്‍ക്കും ഇത് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഐടി സെല്ലില്‍ നിന്നുള്ള നിര്‍മിത രേഖയാണിതെന്ന വിമര്‍ശനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഉയരുകയാണ്.
Content Highlights: fake press release against Kerala Government in the name of the Center social media doubted source is BJP IT cell?