
കോഴിക്കോട്: വീടു നിർമാണം പൂർത്തിയാക്കാൻ എം ജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥികൾ നൽകാനിരുന്ന ധനസഹായം നിരസിച്ച് താമരശ്ശേരിയിൽ കൊല്ലപ്പെട്ട ഷഹബാസിന്റെ കുടുംബം. പകുതി നിലച്ച വീടുപണി കുടുംബം പൂർത്തിയാക്കും. പുറത്ത് നിന്നുള്ള സഹായം വീട് നിർമാണത്തിന് ഉപയോഗിക്കാൻ പ്രയാസമുണ്ടെന്ന് കുടുംബം പ്രതികരിച്ചു. ബന്ധുക്കളുമായി നടത്തിയ കൂടിയാലോചനയിലാണ് സഹായം സ്വീകരിക്കേണ്ടെന്ന് കുടുംബം തീരുമാനിച്ചത്. നേരത്തെ വീട് നിർമാണം പൂർത്തിയാക്കാൻ സഹായിക്കുമെന്ന് എം ജെ ഹയർസെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥി യോഗത്തിൽ തീരുമാനമായിരുന്നു.
ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാർത്ഥി സംഘർഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവൻ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷൻ സെന്ററിൽ ഫെബ്രുവരി 23ന് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സെന്റ് ഓഫ് പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റിൽ എം ജെ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികൾ ഡാൻസ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നിൽക്കുകയും ചെയ്തു.
ഇതേതുടർന്ന് താമരശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികൾ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉടലെടുത്തു. അധ്യാപകർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിന് പിന്നാലെ ഫെബ്രുവരി 27ന് വിദ്യാർത്ഥികൾ വീണ്ടും ഏറ്റുമുട്ടി. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് ഒന്നിന് പുലർച്ചെ ഷഹബാസ് മരണപ്പെട്ടു. പിന്നീട് പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വിദ്യാർത്ഥികളുടെ അടിയിൽ ഷഹബാസിന്റെ തലയോട്ടി തകർന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.
Content Highlight; Thamarassery Murder: Family of Shahbas denies MJ Higher secondary school alumni's financial help