
കൊച്ചി: വാളയാറില്‍ മരിച്ച പെണ്‍കുട്ടുകളുടെ മാതാപിതാക്കളെ മൂന്ന് കേസുകളില്‍ കൂടി പ്രതി ചേര്‍ക്കുമെന്ന് സിബിഐ. രണ്ട് പെണ്‍കുട്ടികളും ലൈംഗിക അതിക്രമത്തിന് ഇരയായതില്‍ അമ്മയ്ക്ക് പങ്കുണ്ടെന്നും സിബിഐ പറയുന്നു. എറണാകുളം പ്രത്യേക സിബിഐ കോടതിയിലാണ് അന്വേഷണ ഏജന്‍സി ഇക്കാര്യം അറിയിച്ചത്.
മാതാപിതാക്കളെ പ്രതി ചേര്‍ത്ത് സിബിഐ നല്‍കിയ കുറ്റപത്രം അംഗീകരിക്കരുതെന്ന് മാതാപിതാക്കളുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുറ്റപത്രം അംഗീകരിക്കുന്നതില്‍ തീരുമാനമെടുത്ത് സമന്‍സ് അയച്ച ശേഷം മാതാപിതാക്കളുടെ വാദം കേള്‍ക്കാമെന്ന് എറണാകുളം പ്രത്യേക സിബിഐ കോടതി അറിയിച്ചു. സിബിഐ നല്‍കിയ കുറ്റപത്രങ്ങള്‍ അനുസരിച്ച് ആറ് കേസുകളിലും അമ്മ രണ്ടാം പ്രതിയും അച്ഛന്‍ മൂന്നാം പ്രതിയുമാണ്. കുറ്റപത്രം അംഗീകരിക്കുന്നതിലും പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കുന്നതിലും സിബിഐ കോടതി ഈ മാസം 25ന് തീരുമാനമെടുക്കും.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില് 13 വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ സഹോദരിയായ ഒമ്പത് വയസുകാരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് ആറിന് പാലക്കാട് എ എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു
മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 2019 ഒക്ടോബര്‍ ഒൻപതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായ ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടു. പിന്നാലെ കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു സിബിഐ അന്വേഷണം നടത്തിയത്.
Content Highlight : Walayar case: CBI will add father and mother as accused in more cases