
കോട്ടയം: ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടേയും ആത്മഹത്യയില്‍ നിര്‍ണായക തെളിവ്. കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന മരിച്ച ഷൈനിയുടെ ശബ്ദ സന്ദേശം പുറത്ത് വന്നു. പല തവണ ശ്രമിച്ചിട്ടും ജോലി കിട്ടാത്തതും അസ്വസ്ഥയാക്കിയതായി ശബ്ദ സന്ദേശത്തില്‍ വ്യക്തമാകുന്നു. മരിക്കുന്നതിന് മുന്‍പ് ഷൈനി സുഹൃത്തിന് അയച്ച സന്ദേശത്തിലാണ് സങ്കടങ്ങള്‍ തുറന്ന് പറഞ്ഞത്.
ഒരുപാട് അന്വേഷിച്ചിട്ടും നാട്ടില്‍ ജോലി കിട്ടുന്നില്ല. മക്കളെ ഹോസ്റ്റലില്‍ നിര്‍ത്തിയിട്ട് എവിടേലും ജോലിക്ക് പോകണം. വിദേശത്തേക്ക് പോകണമെങ്കിലും എക്‌സിപീരിയന്‍സ് വേണമെന്ന് ഷൈനി അയച്ച സന്ദേശത്തില്‍ പറയുന്നു. വിവാഹ മോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്നും ഷൈനി സുഹൃത്തിനോട് പറഞ്ഞിരുന്നു.
പല തവണ നോട്ടീസ് അയച്ചിട്ടും ഭര്‍ത്താവ് നോബി അത് കൈപ്പറ്റിയില്ലെന്നും ഫെബ്രുവരി 17ന് കോടതിയില്‍ വിളിച്ചിട്ടും നോബി എത്തിയില്ലെന്നും അവര്‍ പറഞ്ഞു. കേസ് നീണ്ടുപോകുകയാണെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഷൈനി സുഹൃത്തിനോട് ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. അതേസമയം സംഭവത്തില്‍ നോബിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയിൽവെ ഗേറ്റിന് സമീപം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കുട്ടികളേയും കൊണ്ട് ഷൈനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വിലയിരുത്തിയിരുന്നു.
Content Highlights: Eattumanoor mother and daughters death voice message of mother out