
ആലപ്പുഴ: തന്‍റെ കവിത എസ്എഫ്ഐക്കെതിരെ അല്ലെന്ന് ജി സുധാകരൻ. എസ്എഫ്ഐയെ മലിനപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെയെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. നയത്തേയും ആശയത്തേയും നശിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. അത്തരത്തിലുള്ളവർ എസ്എഫ്ഐയിൽ കടന്നുകൂടിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രായപരിധി കഴിഞ്ഞ് മാറ്റി നിർത്തുന്നവർക്ക് പുതിയ ചുമതല നൽകും എന്ന കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയെ വിശ്വസിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രായമല്ല മാനദണ്ഡം. ശേഷി ആണ് മാനദണ്ഡം. മാറ്റിനിർത്തപ്പെടുന്നവരുടെ ശേഷി സമൂഹം ഉപയോഗിക്കുന്നുണ്ട്. താനിപ്പോഴും പറയുന്നത് പാർട്ടി നയവും പ്രത്യയശാസ്ത്രവുമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
'യുവതയിലെ കുന്തവും കൊടചക്രവും' എന്ന പേരിലായിരുന്നു സുധാകരൻറെ കവിത. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിങ്ങനെ നേരായി വായിക്കാൻ ക്ഷമയില്ലാത്തവരാണെന്നാണ് ജി സുധാകരൻ ആരോപിച്ചത്. കാലക്കേടിന്റെ ദുർഭൂതങ്ങൾ എന്നും അദ്ദേഹം പരിഹസിച്ചിരിക്കുന്നു. കള്ളത്തരം കാണിക്കുന്നവർ കൊടിപിടിക്കുകയാണ്.
തന്റെ സഹോദരന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചും കവിതയിൽ അദ്ദേഹം പരാമർശിക്കുന്നുണ്ട്. കല്ലെറിയുന്നവർക്ക് രക്തസാക്ഷി കുടുംബത്തിൻ്റെ വേദന അറിയില്ലെന്നും മരിച്ചാൽ പോലും ക്ഷമിക്കില്ലെന്നും സുധാകരൻ പറയുന്നു. മന്ത്രി സജി ചെറിയാൻ പറഞ്ഞ കുന്തവും കൊടചക്രവും എന്ന പ്രയോഗവും കവിതയിലുണ്ട്.
Content Highlights: g sudhakaran about poem on sfi