'കൊല്ലം വഴി വരുമ്പോൾ കണ്ണടച്ച് വരാന്‍ കഴിയില്ല'; നിയമ വിരുദ്ധ ഫ്ലക്‌സ് ബോര്‍ഡുകള്‍ക്കെതിരെ വീണ്ടും ഹൈക്കോടതി

'നിയമത്തിന് മുകളിലാണ് തങ്ങളെന്നാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നത്. ആ വിശ്വാസത്തിന് സര്‍ക്കാര്‍ കുടപിടിക്കുന്നു'

dot image

കൊച്ചി: നിരത്തുകളിൽ നിയമവിരുദ്ധമായി ഫ്ലക്‌സുകളും കൊടിതോരണങ്ങളും വെക്കുന്നതിൽ വിമർശനവുമായി വീണ്ടും ഹൈക്കോടതി. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നു. ടൂറിസത്തിന്റെ അടിസ്ഥാന ഘടകമാണ് ശുചിത്വം. അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മനസിലാകുന്നില്ല. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിമർശിച്ചു.

ഫ്ലക്‌സിനെതിരായി താൻ പുറപ്പെടുവിച്ച ഉത്തരവുകൾ നിലനിൽക്കെ കൊല്ലം വഴി വരുമ്പോൾ കണ്ണടച്ച് വരാൻ കഴിയില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമർശിച്ചു. സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നത് എന്നും കോടതി ചോദിച്ചു.

നിയമത്തിന് മുകളിലാണ് തങ്ങളെന്നാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നതെന്നും കോടതി വിമർശിച്ചു. ആ വിശ്വാസത്തിന് സര്‍ക്കാര്‍ കുടപിടിക്കുന്നുവെന്നും ഹൈക്കോടതി വിമര്‍ശിച്ചു. നിയമ വിരുദ്ധമായി ഫ്ലക്‌സുകളും കൊടിതോരണങ്ങളും നിരന്തരം നിരത്തില്‍ ഉയരുന്നു. സര്‍ക്കാരുമായി ബന്ധമുള്ള വിഭാഗങ്ങളാണ് ഇതിന് പിന്നിലെന്നും കോടതി ആഞ്ഞടിച്ചു.

Also Read:

സര്‍ക്കാരിന്റെ ഉത്തരവുകള്‍ സര്‍ക്കാര്‍ പോലും നടപ്പാക്കുന്നില്ലെന്നും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. നീതിന്യായ സംവിധാനത്തെ പരിഹസിക്കുകയാണ് ചെയ്യുന്നത്. ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ ഹൈക്കോടതിക്ക് മുന്നോട്ട് പോകാനാവില്ല. സംസ്ഥാനത്ത് നിയമ വാഴ്ച ഇല്ലെന്ന് സര്‍ക്കാര്‍ അംഗീകരിക്കുമോയെന്നും കോടതി ചോദിച്ചു. നിരത്തില്‍ നിറയെ ബോര്‍ഡുകള്‍ ഉള്ളതല്ല നിങ്ങള്‍ പറയുന്ന നവകേരളം. ടണ്‍ കണക്കിന് ബോര്‍ഡുകള്‍ മാറ്റുന്നു, അതിനേക്കാൾ കൂടുതല്‍ ബോര്‍ഡുകള്‍ വയ്ക്കുന്നു. ഇതിലൂടെ കേരളം കൂടുതല്‍ മലിനമാകുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമർശിച്ചു.

Content Highlights: Kerala High Court Criticizing Illegal Flex and Flag Placing in the Road Side

dot image
To advertise here,contact us
dot image