
കൊല്ലം: ആര്‍എസ്എസിനെ ഫാസിസ്റ്റ് സംഘടനയെന്ന് വിശേഷിപ്പിച്ചും നവഫാസിസം എന്താണെന്ന് വിശദീകരിച്ചും സിപിഐഎം പിബി കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. സിപിഐഎമ്മിന്റെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഐഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.
ബിജെപിക്ക് പിന്നില്‍ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം പിന്തുടരുന്നത് ആര്‍എസ്എസാണെന്ന് കാരാട്ട് ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു. നവഫാസിസം എന്ന സിപിഐഎം കരട് രാഷ്ട്രീയ പ്രമേയത്തിലെ നിലപാടിലും പ്രകാശ് കാരാട്ട് വ്യക്തത വരുത്തി. അമേരിക്കയിലും യൂറോപ്പിലും ലാറ്റിനമേരിക്കയിലും വളരുന്ന നവഫാസിസത്തെ ചൂണ്ടിക്കാണിച്ചായിരുന്നു കാരാട്ടിന്റെ വിശദീകരണം. ക്ലാസിക്കന്‍ ഫാസിസത്തില്‍ നിന്ന് നവഫാസിസം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് കാരാട്ട് വ്യക്തമാക്കി. ഫാസിസത്തിന്റെ ചില പ്രവണതകള്‍ നവീകരിക്കപ്പെട്ടു. നവ ഉദാരവത്കരണമാണ് ഇതിന് അടിസ്ഥാനം. ഒരു അപരനെ ശത്രുവായി പ്രഖ്യാപിക്കുന്നത് നവഫാസിസത്തിന്റെ ലക്ഷണമാണ്. സാമ്രാജ്യത്തിന്റെയും ഫിനാന്‍സ് മൂലധനത്തിന്റെയും മറ്റ് ഘടകങ്ങളുമായി ചേര്‍ന്ന് ഫാസിസം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഈ നിലയിലാണ് ഇന്ത്യയിലെ ഹിന്ദുത്വ ആശയം പ്രവര്‍ത്തിക്കുന്നതെന്ന് പ്രകാശ് കാരാട്ട് ചൂണ്ടിക്കാണിച്ചു. ഈ വിഷയത്തിലെ കോണ്‍ഗ്രസ് നടത്തുന്ന കുറ്റപ്പെടുത്തലിനെയും പ്രകാശ് കാരാട്ട് വിമര്‍ശിച്ചു. സീതാറാം യെച്ചൂരിക്ക് ഫാസിസത്തെ സംബന്ധിച്ച് വ്യക്തതയുണ്ടായിരുന്നു, ഇപ്പോഴില്ല എന്ന വിമര്‍ശനത്തോടായിരുന്നു കാരാട്ടിന്റെ പ്രതികരണം. സിപിഐഎമ്മിന്റെ രേഖകകള്‍ വായിച്ച് നോക്കാതെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണമെന്നും കാരാട്ട് ചൂണ്ടിക്കാണിച്ചു.
സീതാറാം യെച്ചൂരി അഖിലേന്ത്യാ സെക്രട്ടറിയായിരിക്കെ 2018ലെ ഹൈദരാബാദ് കോണ്‍ഗ്രസ്, ശക്തിപ്പെട്ടു വരുന്ന ഫാസിസ്റ്റ് പ്രവണതകളെക്കുറിച്ച് പറഞ്ഞിരുന്നത് കാരാട്ട് ചൂണ്ടിക്കാണിച്ചു. എട്ടുവര്‍ഷത്തിന് ശേഷവും ശക്തിപ്പെടുന്നു എന്നല്ല ലോകം മുഴുവന്‍ വ്യാപകമാകുന്ന നവ ഫാസിസ്റ്റിക് പ്രവണതകളിലേയ്ക്ക് അത് മാറി എന്നാണ് പറയേണ്ടതെന്നും പ്രകാശ് കാരാട്ട് ചൂണ്ടിക്കാണിച്ചു.
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റെടുത്തതിന് ശേഷം ഉണ്ടായ നീക്കങ്ങളെ സംബന്ധിച്ച സിപിഐഎമ്മിന്റെ സാര്‍വ്വദേശീയ വീക്ഷണവും പ്രകാശ് കാരാട്ട് പങ്കുവെച്ചു. അമേരിക്കയുടെ മേല്‍ക്കോയ്മ ലോകത്തെ അടിച്ചേല്‍പ്പിക്കുന്ന നീക്കങ്ങള്‍ക്കാണ് ട്രംപ് ചൂക്കാന്‍ പിടിക്കുന്നത്. ലോകത്തിന്റെ വിവിധി മേഖലകളില്‍ ട്രംപ് നടത്തുന്ന ഇടപെടലുകളുടെ തീവ്ര വലതുപക്ഷ സാമ്രാജ്യത്വ സ്വഭാവത്തിന്റെ അപകടത്തെപ്പറ്റിയും പ്രകാശ് കാരാട്ട് ചൂണ്ടിക്കാണിച്ചു. ലോകത്തെ എല്ലാ സാമൂഹിക വൈരുദ്ധ്യങ്ങളെയും ട്രാപിന്റെ നിലപാടുകള്‍ മൂര്‍ച്ഛിപ്പിക്കുന്നുണ്ട്. ലോകത്തെ സാമ്രാജത്വ ശക്തികള്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ മൂര്‍ച്ഛിക്കുകയായിരുന്നു. ബൈഡന്റെ കാലത്തെ സാമ്രാജ്യത്വ ശക്തികള്‍ക്കിടയിലെ ഐക്യമുന്നണി എന്നത് ട്രംപിന്റെ കാലത്ത് സാമ്രാജ്യത്വ രാജ്യങ്ങള്‍ക്കിടയിലെ വൈരുദ്ധ്യങ്ങളെ വര്‍ദ്ധിപ്പിക്കുന്നതായിട്ടുണ്ട്. യൂറോപ്പും അമേരിക്കയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ലോകത്തെ സാമ്രാജ്യത്വ ശക്തികള്‍ തമ്മിലുള്ള വൈരുദ്ധ്യത്തിന് വഴിവെയ്ക്കുവെന്നതായും കാരാട്ട് ചൂണ്ടിക്കാണിച്ചു. ആറ് മാസത്തെ ഭരണം കൊണ്ട് തൊഴിലാളികളെയും ജീവനക്കാരെയും ട്രേഡ് യൂണിയനുകളെയും കടന്നാക്രമിക്കുന്ന സമീപനമാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായ മൂലധനവും അധ്വാനവും തമ്മിലുള്ള വൈരുദ്ധ്യം മൂര്‍ച്ഛിക്കുമെന്നും പ്രകാശ് കാരാട്ട് ചൂണ്ടിക്കാണിച്ചു.
Content Highlights- prakash karat explanation on neo fascism