
കൊച്ചി: വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കൂടുതല്‍ കേസുകളില്‍ പ്രതിചേര്‍ത്ത് സിബിഐ. നേരത്തെ ആറ് കേസുകളില്‍ ഇവരെ പ്രതിയാക്കി കുറ്റപത്രം നല്‍കിയിരുന്നു. ഈ കേസുകളിലെല്ലാം ഇരുവര്‍ക്കുമെതിരെ സാക്ഷിമൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളുമെല്ലാമുണ്ടെന്ന് ബുധനാഴ്ച കേസ് പരിഗണിക്കവെ സിബിഐ ചൂണ്ടിക്കാട്ടി. ഇരുവര്‍ക്കും സമന്‍സ് അയക്കുന്നതിനുള്ള നടപടിക്രമം ഈ മാസം 25ന് സിബിഐ കോടതി പരിഗണിക്കും.
അതേ സമയം പ്രതികളായ കുട്ടി മധുവും പ്രദീപ് കുമാറും മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ അന്വേഷണമെന്ന ആവശ്യം സിബിഐ ഉന്നയിച്ചിട്ടുണ്ട്. ഇതിലുള്‍പ്പെടെ മൂന്ന് കേസുകളിലാണ് കൂടുതല്‍ അന്വേഷണത്തിന് അപേക്ഷ നല്‍കിയത്. ഇതില്‍ ഒരു കേസില്‍ കൂടുതലന്വേഷണത്തിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.
മാതാപിതാക്കളെ പ്രതി ചേര്‍ത്ത് സിബിഐ നല്‍കിയ കുറ്റപത്രം അംഗീകരിക്കരുതെന്ന് മാതാപിതാക്കളുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുറ്റപത്രം അംഗീകരിക്കുന്നതില്‍ തീരുമാനമെടുത്ത് സമന്‍സ് അയച്ച ശേഷം മാതാപിതാക്കളുടെ വാദം കേള്‍ക്കാമെന്ന് എറണാകുളം പ്രത്യേക സിബിഐ കോടതി അറിയിച്ചു. സിബിഐ നല്‍കിയ കുറ്റപത്രങ്ങള്‍ അനുസരിച്ച് ആറ് കേസുകളിലും അമ്മ രണ്ടാം പ്രതിയും അച്ഛന്‍ മൂന്നാം പ്രതിയുമാണ്.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില് 13 വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ സഹോദരിയായ ഒമ്പത് വയസുകാരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് ആറിന് പാലക്കാട് എ എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 2019 ഒക്ടോബര്‍ ഒന്‍പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായ ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടു. പിന്നാലെ കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു സിബിഐ അന്വേഷണം നടത്തിയത്.
Content Highlights: Walayar case: Parents of girls accused in more cases