വെഞ്ഞാറമൂട് കൂട്ടക്കൊലപാതകകേസ്; പ്രതി അഫാൻ ജയിലിൽ കുഴഞ്ഞു വീണു; പിതൃമാതാവിന്റെ വീട്ടിൽ ഇന്ന് തെളിവെടുപ്പ്

പ്രാഥമികകൃത്യങ്ങൾക്കായി കൈവിലങ്ങ് അഴിച്ചപ്പോൾ അഫാൻ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു

dot image

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകകേസ് പ്രതി അഫാൻ ജയിലിൽ കുഴഞ്ഞു വീണു. ഇന്ന് രാവിലെ ഏഴ് മണിക്ക് അഫാനുമായി തെളിവെടുപ്പ് നടക്കാനിരിക്കേയാണ് പാങ്ങോട് സ്റ്റേഷനിലെ സെല്ലിനുള്ളിൽ കുഴഞ്ഞുവീണത്. പ്രതി ജീവനൊടുക്കാൻ പ്രവണതയുള്ളതിനാൽ കൈവിലങ്ങ് അണിയിച്ചാണ് സെല്ലിനുള്ളിൽ ഇരുത്തിയിരുന്നത്. എന്നാൽ പ്രാഥമികകൃത്യങ്ങൾക്കായി കൈവിലങ്ങ് അഴിച്ചപ്പോൾ അഫാൻ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു.

ഉടൻ തന്നെ പ്രതിയെ പ്രാഥമികാരോ​ഗ്യകേന്ദ്രത്തിൽ എത്തിച്ചു. നിലവിൽ മറ്റ് ആരോ​ഗ്യപ്രശ്നങ്ങളില്ല എന്നും ഡോക്ടർമാർ പറയുന്നു. ബിപി വേരിയേഷനാകാം തല കറങ്ങാനുള്ള കാരണം എന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ പറയുന്നു.

അതേ സമയം ഇന്ന് രാവിലെ പിതൃമാതാവിന്റെ പാങ്ങോടുള്ള വീട്ടിൽ അഫാനുമായി പൊലീസ് തെളിവെടുപ്പ് നടത്തും. കൊല്ലാനുപയോ​ഗിച്ച ചുറ്റിക വാങ്ങിയ കട, മാല പണയം വെച്ച ഫിനാൻസ് എന്നിവിടങ്ങളിലും പരിശോധന നടക്കും. അഫാന്റേത് അസാധാരണ പെരുമാറ്റമാണെന്നാണ് പൊലീസിന്റേയും ഡോക്ടർമാരുടേയും വിലയിരുത്തൽ. കനത്ത സുരക്ഷയിലാണ് അഫാനെ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. 24 മണിക്കൂറും നിരീക്ഷണത്തിനായി മൂന്ന് ഉദ്യോ​ഗസ്ഥരേയും നിയോ​ഗിച്ചിട്ടുണ്ട്.

ഉമ്മ മരിച്ചെന്നാണ് കരുതിയതെന്നും അതിനാലാണ് മറ്റുള്ളവരേയും കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും അഫാൻ ജയിലുദ്യോ​ഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോർട്ട്. ഉമ്മ ജീവനോടെയുണ്ടെന്ന വിവരം രണ്ട് ദിവസം മുമ്പാണ് അറിഞ്ഞത്. തനിക്ക് ഏറ്റവും ഇഷ്ടം ഉമ്മയേയും അനുജനേയും പെൺസുഹൃത്തിനേയുമായിരുന്നു. ഇവരില്ലാതെ തനിക്കോ താനില്ലാതെ അവർക്കോ ജീവിക്കാനാകില്ലെന്നും അതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നും അഫാൻ പറഞ്ഞു. സാമ്പത്തിക ബാധ്യതയാണ് കുടുംബത്തെ കൊലപ്പെടുത്താനുള്ള കാരണമായി അഫാൻ ആവർത്തിച്ചത്.

വായ്പയുടെ പലിശ പ്രതിദിനം പതിനായിരം രൂപയിലേക്കെത്തിയതോടെ ഇനി എന്ത് എന്ന് അറിയാതെ വന്നുവെന്നും ഇതോടെയാണ് കുടുംബത്തോടൊപ്പം ജീവനൊടുക്കാമെന്ന് തീരുമാനിച്ചതെന്നും അഫാൻ പൊലീസിനോട് വെളിപ്പെടുത്തി. ഇത് നടക്കാതെ വന്നതോടെ കൊലപ്പെടുത്താമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്നും അഫാൻ പറഞ്ഞു.

ഫെബ്രുവരി 24 ന് ആയിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഫ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ. ഇതിന് പിന്നാലെ അഫാൻ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തിരുന്നു. എലിവിഷം കഴിച്ചു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

content highlights :Accused Afan shows dizziness in jail

dot image
To advertise here,contact us
dot image