മൂന്നാറിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകണം; മൃഗസ്നേഹികളുടെ സംഘടന ഹൈക്കോടതിയിൽ

വാക്കിംഗ് ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്വക്കസി എന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്

dot image

ഇടുക്കി: മൂന്നാറിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികളുടെ സംഘടന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചു. വാക്കിംഗ് ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്വക്കസി എന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേസ് പത്താം തീയതി കോടതി പരിഗണിക്കും. അതേസമയം, പരിക്കേറ്റ ആനയെ വിശദമായി നിരീക്ഷിക്കുന്നതിന് വെറ്റിനറി ഡോക്ടർമാരുടെ സംഘം നാളെ മൂന്നാറിൽ എത്തും. ഒരു മാസം മുമ്പാണ് ഒറ്റക്കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാനയും പടയപ്പ എന്ന് വിളിക്കുന്ന കാട്ടാനയും തമ്മിൽ മൂന്നാറിന് സമീപം കല്ലാറിലെ മാലിന്യ പ്ലാന്റിൽ വെച്ച് ഏറ്റുമുട്ടിയത്.

ഏറ്റുമുട്ടലിൽ ഒറ്റക്കൊമ്പന് വലത് മുൻ കാലിന്റെ മുട്ടിനു മുകളിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് വനംവകുപ്പ് ആനയെ നിരീക്ഷിക്കുകയും അസിസ്റ്റന്റ് വെറ്റിനറി സർജൻ നേരിട്ട് എത്തി ആനയെ കാണുകയും ചെയ്തിരുന്നു. പരിക്ക് ഗുരുതരം അല്ലെന്നും മുറിവ് കരിയുന്നുണ്ടെന്നുമായിരുന്നു അന്ന് കണ്ടെത്തിയത്.

തുടർന്ന് വനംവകുപ്പിന്റെ ആർ ആർ ടി സംഘം ആനയെ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് മൃഗസ്നേഹികളുടെ സംഘടന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസ് കോടതി പരിഗണിക്കാൻ ഇരിക്കവെയാണ് ആനയെ നേരിട്ട് എത്തി നിരീക്ഷിക്കുന്നതിനായി വെറ്റിനറി സർജന്റെ നേതൃത്വത്തിലുള്ള സംഘം എത്തുന്നത്.

Content Highlights: Animal lovers' organization to the High Court on munnar elephant issue

dot image
To advertise here,contact us
dot image