'മുടി വെട്ടി സുന്ദരിയായല്ലോ, വേ​ഗം വീട്ടിലേക്ക് തിരിച്ചു വാ';താനൂരിൽ കാണാതായ മകളോട് സംസാരിച്ച് പിതാവ്

മുടി സ്ട്രെയിറ്റ് ചെയ്യണം, ജീൻസും ഉടുപ്പും ഇടണമെന്നൊക്കെ ആ​ഗ്രഹം വീട്ടിൽ പ്രകടിപ്പിച്ചിരുന്നു. എന്നാൽ തനിക്ക് അതൊന്നും ഇഷ്ടമല്ലെന്നും ഇപ്പോൾ ചെയ്യണ്ട എന്നും മകളെ വിലക്കിയിരുന്നു എന്നും പിതാവ്

dot image

മലപ്പുറം: മലപ്പുറം താനൂരിൽ നിന്നും കാണാതായി മുംബെെയില്‍ കണ്ടെത്തിയ പെൺകുട്ടിയുമായി വീഡിയോ കോളിൽ സംസാരിച്ച് പിതാവ്. മുടിയൊക്കെ വെട്ടി സുന്ദരിയായല്ലോ, വേ​ഗം പൊലീസുകാരോടൊപ്പം വീട്ടിലേക്ക് തിരിച്ച് വരണമെന്നായിരുന്നു പിതാവ് ആദ്യം തന്റെ മകളോട് പറഞ്ഞത്. റിപ്പോർട്ടർ ടിവി കോഫി വിത്ത് അരുണിൽ പ്രതികരിക്കുകയായിരുന്നു പിതാവ്. ഞങ്ങളുടെ മക്കളെ തിരികെ കിട്ടി. ഊണും ഉറക്കവും കളഞ്ഞ് ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും തന്റെ നന്ദിയും അദ്ദേഹം റിപ്പോർട്ടർ ടിവിയിലൂടെ അറിയിച്ചു.

ഇന്നലെ രാത്രി 2 മണി വരെ നെഞ്ചിൽ തീയായിരുന്നു. താനും ഭാര്യയും ആകെ പേടിച്ചുപോയെന്നും അദ്ദേഹം പറ‍ഞ്ഞു. മകളുടെ വീഡിയോ ഡിവൈഎസ്പി കാണിച്ചു തന്നുവെന്നും നമ്മളെ തീ തീറ്റിച്ച് അവർ അവിടെ സന്തോഷിക്കുകയാണെന്നും ഡിവൈഎസ്പി പറഞ്ഞെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. പരീക്ഷയ്ക്ക് പോകാനെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നുമിറങ്ങിയത്. കൈയ്യിൽ രാവിലെ 200 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. നന്നായി പഠിക്കുന്ന കുട്ടിയാണ് മകൾ. പഠനത്തോടൊപ്പം ഫോട്ടോഫ്രെയിം വർക്കും ചെയ്യുമായിരുന്നു.

ഒരു സ്വർണമോതിരം താൻ വാങ്ങിക്കൊടുത്തിരുന്നു. ഇത് പണയം വെയ്ക്കുകയോ വിൽക്കുകയോ ചെയ്തിരിക്കാം എന്നും പിതാവ് പറയുന്നു. മുടി സ്ട്രെയിറ്റ് ചെയ്യണം, പുരികം ത്രെഡ് ചെയ്ത് ജീൻസും ഉടുപ്പും ഇടണമെന്നൊക്കെ ആ​ഗ്രഹം വീട്ടിൽ പ്രകടിപ്പിച്ചിരുന്നു. എന്നാൽ തനിക്ക് അതൊന്നും ഇഷ്ടമല്ലെന്നും ഇപ്പോൾ ചെയ്യണ്ട എന്നും താൻ മകളെ വിലക്കിയിരുന്നു എന്നും പിതാവ് പറഞ്ഞു. ടൂർ പോവാനും യാത്ര ചെയ്യാനും നല്ല ആ​ഗ്രഹമുള്ള കുട്ടിയാണ് മകൾ. വീട്ടിൽ നിന്ന് ചെന്നൈ, ​ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിലൊക്കെ മകളെ കൊണ്ടുപോയിട്ടുണ്ട്. മകൾ ആ​ഗ്രഹിച്ച രീതിയിൽ ചിലപ്പോൾ ആ യാത്രകൾ നടത്താൻ സാധിച്ചിട്ടില്ലായിരിക്കാം എന്നും പിതാവ് പറയുന്നു. ബേക്കറി സാധനങ്ങൾ വിതരണം ചെയ്യുന്നതിനൊപ്പം ഓട്ടോ ഡ്രൈവർ കൂടിയാണ് പിതാവ്.

അതേ സമയം വിദ്യാർത്ഥിനികളെ കെയർ ഹോമിലേക്ക് മാറ്റും. താനൂർ സ്റ്റേഷനിലെ എസ്‌ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടികളെ കൊണ്ടുവരുന്നതിനായി തിരിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുട്ടികളുമായി ഇവർ നാട്ടിലേക്ക് തിരിക്കും. മുംബൈ-ചെന്നൈ എഗ്മോർ ട്രെയിനിൽ മുംബെെയിലെ പുനെയ്ക്ക് അടുത്തുള്ള ലോണാവാലാ സ്റ്റേഷനിൽ വെച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്. കുട്ടികൾക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു.

content highlights : come back home quickly; Father to missing daughter in Tanur

dot image
To advertise here,contact us
dot image