
കൊല്ലം: ഇടക്കാലത്തിന് ശേഷം പാർട്ടിയിൽ തലപൊക്കി തുടങ്ങിയ വിഭാഗീയതയെക്കുറിച്ച് മുന്നറിയിപ്പ് നൽകി സിപിഐഎമ്മിൻ്റെ പ്രവർത്തന റിപ്പോർട്ട്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് എന്നിവിടങ്ങളിലെ വിഭാഗീയത റിപ്പോർട്ടിൽ എടുത്ത് പറഞ്ഞിട്ടുണ്ട്. ഇവിടങ്ങളിൽ വിഭാഗീയത പരിഹരിക്കാൻ നടത്തിയ ഇടപെടലുകളും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
തങ്ങളുടെ കൈപ്പിടിയിൽ സംഘടനയെ ഒതുക്കുവാനുള്ള നടപടികളാണ് കരുനാഗപ്പള്ളിയിൽ ഉണ്ടായതെന്ന് സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് വ്യക്തമാക്കുന്നു. സംസ്ഥാന സെക്രട്ടറി തന്നെ ഏരിയാ കമ്മിറ്റിയിൽ പങ്കെടുത്ത് യോജിപ്പിനുള്ള നിർദ്ദേശം നൽകിയിട്ടും മാറ്റമുണ്ടായില്ലെന്നും റിപ്പോർട്ട്. ലോക്കൽ കമ്മിറ്റികളിൽ തെറ്റായ രീതി രൂക്ഷമായെന്നും ഈ സാഹചര്യത്തിൽ കരുനാഗപ്പള്ളി ഏരിയാ സമ്മേളനം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. കരുനാഗപ്പള്ളിയിൽ വിഭാഗീയത പരിഹരിക്കാൻ നടത്തിയ ഇടപെടലുകളും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. പാർട്ടിയെടുത്ത തീരുമാനത്തോടൊപ്പം പാർട്ടി സഖാക്കൾ ഉറച്ച് നിൽക്കുമെന്നതിൻ്റെ ഉദാഹരണമെന്ന നിലയിൽ കരുനാഗപ്പള്ളി ഏരിയയ്ക്ക് കീഴിൽ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഉണ്ടായ മികച്ച മുന്നേറ്റവും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഏരിയാ കമ്മിറ്റി പിരിച്ചു വിട്ട സാഹചര്യവും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. പിന്നീട് ശരിയായ ഇടപെടൽ നടത്തി ഇവിടുത്തെ വിഷയങ്ങൾ പരിഹരിക്കാൻ കഴിഞ്ഞെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. തെറ്റായ പ്രവണതകൾക്ക് പാർട്ടി ഒരു കാരണവശാലും കീഴടങ്ങില്ലെന്ന സന്ദേശവും ഇത്തരം നടപടികളിലൂടെ പാർട്ടിയിലും ബഹുജനങ്ങൾക്കിടയിലും നൽകിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
പാർട്ടിക്ക് പിന്നിൽ ജനങ്ങളെ അണിനിരത്താൻ ശ്രമിക്കുന്നതിന് പകരം വ്യക്തിക്ക് പിന്നിൽ അണിനിരത്താൻ ശ്രമം. സ്ഥാപിത താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പാർട്ടിയെ ഉപയോഗിക്കാൻ ശ്രമിക്കുന്നവർക്ക് എതിരെയും കർശന നടപടികൾ സ്വീകരിക്കും. ചില സമ്മേളനങ്ങളിൽ പ്രദേശികമായി പ്രശ്നങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്. വിവിധ തരത്തിലുള്ള ഈ പരാതികളെല്ലാം ശരിയായ പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയേണ്ടതുണ്ട്.
24-ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി നടന്ന സമ്മേളനങ്ങളിലെ വിഭാഗീയത സംബന്ധിച്ച് ജില്ലയിൽ വന്ന പരാതികൾ പരിഗണിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ജില്ലകളിലെ പരാതികളെല്ലാം സംസ്ഥാന സെൻ്ററിലെ ഒരുകൂട്ടം സഖാക്കൾ ജില്ലാ സെക്രട്ടറിയേറ്റിൽ പങ്കെടുത്തുകൊണ്ട് പരിശോധന നടത്തി പ്രശ്നം പരിഹരിക്കും. വേണ്ടിവന്നാൽ സംസ്ഥാന സെൻ്ററിൽ നിന്നുള്ള സഖാക്കൾ പങ്കെടുത്ത് കൊണ്ട് മെറിറ്റും മൂല്യങ്ങളും കണക്കിലെടുത്ത് തീരുമാനമെടുക്കും. വേണ്ടി വന്നാൽ തെറ്റായി ഒഴിവാക്കപ്പെട്ടവരുടെയും വിഭാഗീയമായ പ്രവർത്തനങ്ങളെയും സംബന്ധിച്ച് ശരിയായ പരിശോധന നടത്തി ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
Content Highlights: CPIM State Conference indicate sectarianism in Party