നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയുടെ നടപടി പാർട്ടിക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കി; സമ്മേളനത്തിൽ വിമർശനം

പത്തനംതിട്ട, കോട്ടയം ജില്ലാ കമ്മിറ്റികളിലെ പ്രതിനിധികളാണ് പി പി ദിവ്യയെ വിമർശിച്ചത്

dot image

കൊല്ലം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യക്കെതിരെ പത്തനംതിട്ട, കോട്ടയം ജില്ലാ കമ്മിറ്റികളിലെ പ്രതിനിധികൾ. നവീൻ ബാബുവിനോടുളള ദിവ്യയുടെ നടപടി പാർട്ടിക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കി. വിഷയം പാർട്ടി കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും പ്രതിനിധികൾ വിമർശിച്ചു. സംസ്ഥാന സമ്മേളനത്തിലാണ് പി പി ദിവ്യക്കെതിരെ വിമർശനവുമായി പ്രതിനിധികൾ രംഗത്തെത്തിയത്.

നവീൻ ബാബു വിഷയത്തിൽ പത്തനംതിട്ട ജില്ല കമ്മിറ്റിക്ക് നേരെയും വിമർശനമുയർന്നു. തെറ്റുകളോട് സന്ധിചെയ്യുന്ന നിലപാടാണ് ജില്ല കമ്മിറ്റി സ്വീകരിച്ചതെന്നായിരുന്നു വിമർശനം. നവീൻ ബാബു ജീവനൊടുക്കുന്നതിന് കാരണം ദിവ്യയുടെ പ്രസംഗമാണെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പി പി ദിവ്യ മാത്രമാണ് കേസിലെ ഏകെ പ്രതി. നവീൻ ബാബുവിൻ്റെ മരണം ആത്മഹത്യ തന്നെയാണെന്നും കുറ്റപത്രത്തിലുണ്ടായിരുന്നു. യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ പ്രസംഗം തെളിവായും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദിവ്യക്ക് പുറമെ മറ്റാരെയും പ്രതിചേർക്കാനുള്ള തെളിവുകൾ ഇല്ല. ദിവ്യയുടെ ഫോൺ രേഖകളും പൊലീസ് പരിശോധിച്ചു. അതേ സമയം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.

യാത്രയപ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി ദിവ്യക്കെതിരെ കേസ് എടുത്തിരുന്നു.

മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ കീഴടങ്ങിയ പി പി ദിവ്യ റിമാന്‍ഡില്‍ ജയിലില്‍ കഴിയുകയും പിന്നീട് ജാമ്യം ലഭിക്കുകയുമായിരുന്നു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി പി ദിവ്യയെ പാര്‍ട്ടി ഇടപെട്ട് നീക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ദിവ്യ റിമാന്‍ഡിലായപ്പോള്‍ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയിരുന്നു.

content highlights: Criticism Against P P Divya Over ADM Naveen Babu Death in CPIM State Conference

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us