'മൂലധന നിക്ഷേപമാകാം, പക്ഷെ ചരടുകൾ പാടില്ല'; നവകേരള രേഖയില്‍ എം വി ഗോവിന്ദന്‍

മുതലാളിത്തത്തിന് ബദൽ സോഷ്യലിസമാണെന്ന് ബോധ്യപ്പെടുത്തുന്ന മുന്നേറ്റങ്ങളെ തുറന്ന് കാണിക്കാനാവണമെന്നും പ്രതിനിധികൾ ചർച്ചയിൽ ചൂണ്ടിക്കാണിച്ചെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

dot image

കൊല്ലം: സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സർക്കാരിനും സെക്രട്ടറിയ്ക്കുമെതിരെ വിമർശനം ഉണ്ടായതായി സ്ഥിരീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സമ്മേളനത്തിൻ്റെ രണ്ടാം ദിവസത്തെ നടപടിക്രമങ്ങൾ വിശദീകരിക്കാൻ ചേർന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം വി ​ഗോവിന്ദൻ. വിമർശനവും സ്വയംവിമർശനവും സ്വഭാവികമാണെന്നും അത് മാധ്യമങ്ങൾ ആ​ഗ്രഹിക്കുന്ന നിലയിലുള്ള വിമർശനം അല്ലെന്നും എം വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

പാർട്ടി സംഘടനയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായുള്ള നിർദ്ദേശങ്ങളും വിമർശനവും സ്വയം വിമർശനവുമാണ് ചർച്ചകളിൽ ഉയർന്ന് വന്നതെന്ന് എം വി ​ഗോവിന്ദൻ വിശദീകരിച്ചു. രാജ്യത്ത് വംശീയതയും വർഗ്ഗീയതയും പ്രചരിപ്പിക്കാനായി സംഘപരിവാ‍‍ർ ഉപയോഗിക്കുന്ന ഉത്തരാധുനികതയും സ്വത്വ രാഷ്ട്രീയവും ചെറുക്കണമെന്നും ‍സംഘപരിവാറിൻ്റെ സാംസ്കാരിക ദേശീയതയെ ചെറുക്കാൻ ഇടപെടൽ നടത്തണമെന്നും ചർച്ചയിൽ ആവശ്യം ഉയർന്നുവെന്ന് എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

രാജ്യത്താകമാനം ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ കർഷക സമരങ്ങളുടെ മാതൃകയിൽ രാജ്യത്ത് സജീവമാക്കണം. കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് ഓരോ പ്രദേശത്തിൻ്റെയും പ്രത്യേകതകൾ അനുസരിച്ച് ഇടപെടണമെന്ന ആവശ്യം ഉയർന്നു. പാർട്ടി കേഡർമാരുടെ രാഷ്ട്രീയ വിദ്യാഭ്യാസം ശക്തമാക്കണമെന്നും ചർച്ചയിൽ ആവശ്യം ഉയർന്നുവെന്ന് എം വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. ലോകത്ത് നടക്കുന്ന കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളെ പ്രതിഫലിപ്പിക്കാൻ മാധ്യമങ്ങൾക്ക് കഴിയുന്നില്ലെന്ന് ചർച്ചയിൽ വിമരർശനം ഉയർന്നു. മുതലാളിത്തത്തിന് ബദൽ സോഷ്യലിസമാണെന്ന് ബോധ്യപ്പെടുത്തുന്ന മുന്നേറ്റങ്ങളെ തുറന്ന് കാണിക്കാനാവണമെന്നും പ്രതിനിധികൾ ചർച്ചയിൽ ചൂണ്ടിക്കാണിച്ചെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

നവകേരള രേഖയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. പൊതുവായ സമ്പദ്ഘടനയുടെ അടിസ്ഥാനത്തിൽ നിന്നുകൊണ്ട് മാത്രമേ വികസനം നടക്കുകയുള്ളു. ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ കൂടുതൽ ധനസമാഹരണം നടത്തണമെന്നതാണ് നവകേരള രേഖ പറയുന്നത്. മൂലധന നിക്ഷേപങ്ങൾ ഏത് നിലയിലാലും സ്വീകരിക്കുക എന്നതാണ് നവകേരള നയരേഖ പറയുന്നത്. ചരടുകളുള്ള മൂലധനത്തെ അംഗീകരിക്കില്ലെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

ജനവിരുദ്ധ നയങ്ങൾ സ്വീകരിക്കുന്ന നിലപാട് ഇടതുപക്ഷത്തിന് ഉണ്ടാകില്ലെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി സെസിൻ്റെയും ടാക്സിൻ്റെയും 20 ശതമാനം കേന്ദ്രം എടുക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചു.

ദരിദ്ര വിഭാഗങ്ങൾക്ക് കിട്ടുന്ന അതേ ഇളവുകൾ സമ്പന്ന വിഭാഗങ്ങൾക്ക് കൊടുക്കേണ്ടതുണ്ടോ എന്നാണ് ചോദിച്ചതെന്ന് ചൂണ്ടിക്കാണിച്ച എം വി ​ഗോവിന്ദൻ വർഗ്ഗപരമായി എല്ലാവരേയും ഒരുപോലെ കാണാൻ ആകില്ലെന്നും വ്യക്തമാക്കി. അതിസമ്പന്നരുടെ കൈയ്യിൽ നിന്ന് കൂടുതൽ നികുതി പിരിക്കണമെന്ന സിപിഐഎമ്മിൻ്റെ നിലപാട് തന്നെയാണ് നയരേഖയിലൂടെ പറയുന്നതെന്ന് എം വി ​ഗോവിന്ദൻ പറയാതെ പറഞ്ഞു.

ഈ സാധ്യതകളെല്ലാം പരിശോധിച്ച് മാത്രമേ ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുകയുള്ളുവെന്നും എം വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. കേരളം ഒരു തരത്തിലും രക്ഷപെടരുത് എന്ന വലതുപക്ഷ പിന്തിരിപ്പൻ ശകതികളുടെ നിലപാടിന് ചില മാധ്യമങ്ങൾ വെള്ള പൂശുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. പ്രവർത്തന റിപ്പോർട്ടിന്മേൽ ഏഴര മണിക്കൂറാണ് ചർച്ചയെന്നും 47 പേർ ചർച്ചയിൽ പങ്കെടുക്കുമെന്നും ഇവരിൽ 12 പേർ സ്ത്രീകളാണെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

dot image
To advertise here,contact us
dot image