
മലപ്പുറം: മുൻ മലപ്പുറം എസ് പിയായിരുന്ന സുജിത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചതിന് പിന്നാലെ സർക്കാരിനേയും സിപിഐഎമ്മിനേയും വിമർശിച്ച് പി വി അൻവർ. സുജിത് ദാസിനെതിരായ സ്വർണക്കടത്ത് ആരോപണത്തിൽ അന്വേഷണം നടത്തിയില്ല. അന്വേഷണം പൂർത്തിയാക്കാതെയാണ് സുജിത്ത് ദാസിനെ തിരിച്ചെടുത്തത്. പാർട്ടി സമ്മേളനം നടക്കുമ്പോൾ തന്നെ ആർഎസ്എസിനുള്ള നല്ല സന്ദേശമാണ് ഈ തിരിച്ചെടുക്കലിലൂടെ നൽകുന്നത്. ഹൈന്ദവ വോട്ടുകൾ നേടാനുള്ള നീക്കമാണ് സിപിഐഎം നടത്തുന്നതെന്നും പി വി അൻവർ വിമർശിച്ചു.
സുജിത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചത് ആർഎസ്എസിനുള്ള സമ്മാനമായി കാണാമെന്നും പി വി അൻവർ വിമർശിച്ചു. പൊലീസിലെ ആർഎസ്എസ് വത്കരണമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പി വി അൻവറിന്റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു മലപ്പുറം എസ് പിയായിരുന്ന സുജിത് ദാസിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി ആറുമാസം പിന്നിട്ടതോടെയാണ് കാലാവധി പിൻവലിച്ചത്.
കഴിഞ്ഞ ദിവസം സുജിത്ത് ദാസ് പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും അടുത്ത പോസ്റ്റിങ് നൽകിയിട്ടില്ല. മുൻ എഡിജിപി അജിത് കുമാറിനൊപ്പം സുജിത് ദാസിനും സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നായിരുന്നു പി വി അൻവറിന്റെ ആരോപണം. മലപ്പുറം എസ് പി ആയിരിക്കെ ക്യാമ്പ് ഓഫീസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട് പി വി അൻവർ സുജിത് ദാസിനെതിരെ പരാതി നൽകിയിരുന്നു. ഈ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള സുജിത് ദാസിന്റെ ഫോൺകോൾ രേഖകൾ പുറത്തുവന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
content highlights: PV Anvar on Former Malappuram SP Sujith Das Suspension Withdrew