
പാലക്കാട്: എംഡിഎംഎ ഡീലറെ ബെംഗളൂരുവിലെത്തി അറസ്റ്റ് ചെയ്ത് കേരള പൊലീസ്. ആലപ്പുഴ മാവേലിക്കര ചാരുംമൂട് സ്വദേശി സഞ്ജു ആര്‍ പിള്ളയാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തുന്ന പ്രധാനിയാണ് സഞ്ജു. പാലക്കാട് നോര്‍ത്ത് പൊലീസാണ് ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ നിന്നും പ്രതിയെ പിടികൂടിയത്.
കഴിഞ്ഞവര്‍ഷം പാലക്കാട് നിന്നും തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷിഹാസ് 31 ഗ്രാം എംഡിഎംഎയുമായി ഡാന്‍സാഫിന്റെ പിടിയിലായിരുന്നു. ഷിഹാസിന് എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്നുള്ള അന്വേഷണം പൊലീസ് നടത്തിയിരുന്നു. കൃത്യമായ മൊഴികളൊന്നും ഇയാള്‍ നല്‍കിയിരുന്നില്ല. എന്നാല്‍ ഇയാളുടെ ബാങ്ക് അക്കൗണ്ടിലെ ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് പാലക്കാട് നോര്‍ത്ത് പൊലീസ് സഞ്ജുവിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തിയത്. പിന്നാലെയാണ് ബെംഗളൂരുവിലെത്തി സഞ്ജുവിനെ പിടികൂടിയിരിക്കുന്നത്.
ഷിഹാസിന്റെ അക്കൗണ്ട് മാര്‍ഗമുള്ള പണം ഇടപാടുകളാണ് പ്രതിയെ കുടുക്കിയത്. പിടിയിലായ സഞ്ജു ആര്‍ പിള്ള രാജ്യാന്തര ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുള്ളയാളെന്നും പൊലീസ് പറയുന്നു. ബെംഗളൂരുവിലും കൊല്ലത്തും ലഹരി കടത്തിന് ഇയാള്‍ക്കെതിരെ കേസ് ഉണ്ടെന്നും പൊലീസ് കണ്ടെത്തി.
Content Highlights: Kerala Police arrested drug dealer in Bengaluru