'കരിമണൽ ഖനനത്തിന്റെ സാധ്യതകൾ നയരേഖയിലുണ്ട്; ഡാമിലെ മണലും വിഭവസമാഹരണത്തിന് ഉപയോഗിക്കും': എം വി ഗോവിന്ദൻ

കരിമണലൊക്കെ ഫലപ്രദമായി ഈ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ധാതുവാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

dot image

കൊല്ലം: കരിമണല്‍ ഖനനം സംബന്ധിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തിന്റെ പുതുവഴികള്‍ എന്ന രേഖയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കരിമണലിന്‍ നിന്ന് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങൾ നിര്‍മിക്കണമെന്നും അതിനായുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നുമുള്ള നയരേഖയിലെ നിലപാട് റിപ്പോര്‍ട്ടര്‍ പുറത്ത് വിട്ടിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കവെയാണ് രേഖയില്‍ കരിമണല്‍ ഖനനം സംബന്ധിച്ച് പരാമര്‍ശമുണ്ടെന്ന് എം വി ഗോവിന്ദന്‍ സ്ഥിരീകരിച്ചത്.

കരിമണലൊക്കെ ഫലപ്രദമായി ഈ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ധാതുവാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പൂര്‍ണമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ തന്നെ, എത്ര കോടിയുടെ മണലാണ് ഡാമുകളിലും പുഴകളിലും ഉള്ളത്. അത് എങ്ങനെ ഉപയോഗിക്കണമെന്ന് പിന്നീട് തീരുമാനിക്കാം. വിഭവ സമാഹരണം നടത്താനുള്ള സാധ്യതകള്‍ ഉപയോഗിക്കുമെന്ന് നയരേഖ വ്യക്തമാക്കിയിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എന്തൊക്കെയാണ് പ്രായോഗികമായി നടത്താന്‍ കഴിയുക എന്നതാണ് ആലോചിക്കുന്നത്. ജനങ്ങളുടെ പിന്തുണയോടെയും അംഗീകാരത്തോടെയും നടപ്പിലാക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. വിഭവ സമാഹരണത്തില്‍ സഹകരണ മേഖലയ്ക്ക് പ്രധാന റോള്‍ ഉണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ ട്രഷറിയാണ് സഹകരണ പ്രസ്ഥാനങ്ങള്‍ എന്ന സങ്കൽപവും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാണിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖയുടെ ചര്‍ച്ചയില്‍ 27 പേര്‍ പങ്കെടുത്തുവെന്നും എം വി ഗോവിന്ദന്‍ അറിയിച്ചു. എല്ലാ ഡെലിഗേറ്റുകളും നയരേഖയെ വലിയ നിലയില്‍ സ്വാഗതം ചെയ്തു. ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചു. കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അവരെ ഫലപ്രദമായി ചേര്‍ത്ത് പിടിക്കണമെന്ന കാഴ്ചപ്പാട് ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നുവെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. സിപിഐഎം അംഗീകരിക്കുന്ന രേഖ ' എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്നും ഇതിന് ശേഷം സര്‍ക്കാരിന്റെ നയസമീപനത്തിന്റെ ഭാഗമാകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

Content Highlights- M V Govindan reaction on cpim policy document

dot image
To advertise here,contact us
dot image