
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിൽ പ്രതി അഫാനുമായി നടത്തിയ തെളിവെടുപ്പ് പൂർത്തിയായി. വെഞ്ഞാറമൂടിൽ ചുറ്റിക വാങ്ങിയ കടയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കടയുടമ അഫാനെ തിരിച്ചറിഞ്ഞു. അഫാന്റെ പിതൃമാതാവിന്‍റെ മാല പണയം വെച്ച സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. ചുറ്റിക വാങ്ങിയ ശേഷം അതൊളിപ്പിക്കാൻ വാങ്ങിയ ബാഗ് കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. സ്ഥലത്ത് ആൾക്കൂട്ടം തമ്പടിച്ചിരുന്നത് കൊണ്ട് അഫാനുമായി തെളിവെടുപ്പ് നടത്തിയത് വൻ പൊലീസ് സുരക്ഷയിലായിരുന്നു.
അതേസമയം വെഞ്ഞാറമൂട് കൂട്ട കൊലപാതക കേസിൽ പ്രതി അഫാന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.പാങ്ങോട് പോലീസിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ വൈകിട്ടോടെ നെടുമങ്ങാട് കോടതിയിൽ പ്രതിയെ ഹാജരാക്കി റിമാൻഡ് ചെയ്യും. തുടർന്ന് പിതൃ സഹോദരന്റെയും ഭാര്യയുടെയും കൊലപാതകത്തിൽ കിളിമാനൂർ പോലീസ് കസ്റ്റഡി അപേക്ഷ നൽകും.
ഇന്നലെ പിതൃമാതാവ് സൽമാബീവിയുടെ വീട്ടിലും അഫാന്റെ സ്വന്തം വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പിൽ കൊലപാതകങ്ങൾ നടത്തിയത് എങ്ങനെയെന്ന് അഫാൻ പൊലീസിനോട് വിവരിച്ചിരുന്നു. നിർവികാരനായി മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ലാതെയാണ് അഫാൻ കാര്യങ്ങൾ വിവരിച്ചുകൊടുത്തത്.
Content Highlights : Venjaramodu mass murder; Evidence collection with Afan completed