ഇരുകയ്യും നീട്ടി സ്വീകരിക്കും;അതൃപ്തിയറിയിച്ചതിന് പിന്നാലെ എ പത്മകുമാറിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും ബിജെപിയും

52 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് തനിക്ക് ലഭിച്ചത് വഞ്ചനയും അവഹേളനവും ചതിയുമാണെന്നാണ് പത്മകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്

dot image

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പരിഗണിക്കപ്പെടാതിരുന്നതില്‍ അതൃപ്തി പരസ്യമാക്കിയതോടെ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ എ പത്മകുമാറിനെ സ്വാഗതം ചെയ്ത് ബിജെപിയും കോണ്‍ഗ്രസും. പത്മകുമാര്‍ വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇത്തരത്തില്‍ പല പാര്‍ട്ടികളില്‍ നിന്നും നിരവധി പേര്‍ കോണ്‍ഗ്രസിലേക്ക് വരുന്നുണ്ട്. തന്റെ പാര്‍ട്ടി വിട്ട് വരാന്‍ എ പത്മകുമാര്‍ തയ്യാറാണെങ്കില്‍ തങ്ങള്‍ക്ക് സ്വീകരിക്കാന്‍ മടിയില്ലെന്നും പത്തനംതിട്ട ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

എ പത്മകുമാറിനെ സ്വീകരിക്കുമെന്ന് പത്തനംതിട്ട ബിജെപി നേതൃത്വം വ്യക്തമാക്കി. മറ്റു കാര്യങ്ങള്‍ സംഘടനാ തലത്തില്‍ തീരുമാനിക്കുമന്നും ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അയിരൂര്‍ പ്രദീപ് പറഞ്ഞു.

52 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് തനിക്ക് ലഭിച്ചത് വഞ്ചനയും അവഹേളനവും ചതിയുമാണെന്നാണ് പത്മകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. തനിക്ക് കുറെ പ്രയാസങ്ങള്‍ ഉണ്ട്. പാര്‍ട്ടി സംസ്ഥാന സമ്മേളനം കഴിഞ്ഞു. നമ്മളൊക്കെ വെളിയിലും മറ്റു പലരും അകത്തുമായി. അതിന്റെ പ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. താന്‍ ചെറിയൊരു മനുഷ്യനാണ്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലേക്ക് ഉള്‍പ്പെടെ ആളുകളെ എടുക്കുമ്പോള്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്നവരെ പരിഗണിക്കണം. ദേശാഭിമാനി വരിക്കാരെ ചേര്‍ക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവരെ പരിഗണിക്കണം. പാര്‍ലമെന്ററി രംഗത്തെ പരിചയം മാത്രം നോക്കരുതെന്നും അദ്ദേഹം കുറിച്ചു. തന്റെ അതൃപ്തി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വിവാദങ്ങള്‍ ഉയര്‍ന്നതോടെ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു.

പത്തനംതിട്ടയില്‍നിന്നു സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവായി വീണാ ജോര്‍ജിനെ തിരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ അവഗണിച്ചു വീണയെ തിരഞ്ഞെടുത്തതിലാണു പത്മകുമാറിനു പ്രതിഷേധം എന്നാണ് സൂചന. അതേസമയം തന്റെ പ്രതിഷേധത്തിന് കാരണം വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയതല്ലെന്നും മറ്റ് പല കാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയില്‍ പരിഗണിക്കപ്പെടാതായതോടെ ഉച്ചഭക്ഷണം പോലും കഴിക്കാതെയായിരുന്നു അദ്ദേഹം വേദിയില്‍ നിന്നും മടങ്ങിയത്.

Content Highlight: BJP and congress says they are ready to accept A Padmakumar

dot image
To advertise here,contact us
dot image