'കൂടല്‍മാണിക്യം ക്ഷേത്രത്തിലുണ്ടായത് ജാതി വിവേചനം'; അനുവദിക്കരുതെന്ന് കെ സി വേണുഗോപാല്‍

മെറിറ്റിന്റെ അടിസ്ഥാനത്തില്‍ അര്‍ഹതപ്പെട്ട തൊഴില്‍ ചെയ്യാനെത്തിയ മനുഷ്യനെ തീണ്ടാപ്പാടകലെ മാറ്റിനിര്‍ത്താനെടുത്ത തീരുമാനം കേരളത്തിന് എത്ര ഭൂഷണമാണന്ന് ആത്മപരിശോധന നടത്തണമെന്ന് ദേവസ്വം ബോര്‍ഡിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

dot image

തൃശ്ശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടന്നത് ജാതി വിവേചനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ അര്‍ഹതപ്പെട്ട തൊഴില്‍ ചെയ്യാനെത്തിയ മനുഷ്യനെ തീണ്ടാപ്പാടകലെ മാറ്റിനിര്‍ത്താനെടുത്ത തീരുമാനം കേരളത്തിന് എത്ര ഭൂഷണമാണന്ന് ആത്മപരിശോധന നടത്തണമെന്ന് ദേവസ്വം ബോര്‍ഡിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

കെ സി വേണുഗോപാല്‍ പറഞ്ഞതിങ്ങനെ

'തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍ ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍ കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ-യൊട്ടല്ലഹോ ജാതിക്കോമരങ്ങള്‍'

ഒരുകാലത്ത് കേരളത്തില്‍ ആഴത്തില്‍ വേരൂന്നി നിലയുറപ്പിച്ചിരുന്ന ജാതീയതയുടെ മുഖമടച്ച് ഒരടി കൊടുത്താണ് ആശാന്‍ 'ദുരവസ്ഥ' എഴുതി പൂര്‍ത്തിയാക്കിയത്. മാറുമറക്കലും പൊതുവഴിയിലെ സഞ്ചാരസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവുമൊക്കെ ജാതീയതയുടെ നെഞ്ചില്‍ച്ചവിട്ടി നാമത് നേടിയെടുക്കുമ്പോള്‍, ആ വഴികളില്‍ അയ്യങ്കാളിയുണ്ടായിരുന്നു, ചട്ടമ്പിസ്വാമികളുണ്ടായിരുന്നു, ഗുരുവിന്റെ ഈഴവ ശിവനുണ്ടായിരുന്നുവെന്നത് കേരളത്തിന്റെ നവോത്ഥാന ചരിത്രം. പക്ഷേ, ജാതിചിന്തകളുടെ കനലുകള്‍ ഇപ്പോഴും ചാരത്തില്‍ പുതഞ്ഞ് സമൂഹത്തില്‍ കിടപ്പുണ്ട് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നിന്നുയര്‍ന്നുകേള്‍ക്കുന്നത്.

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് കഴകം പ്രവൃത്തിക്കായി നിയമിച്ച തിരുവനന്തപുരം സ്വദേശി ബാലു എന്ന യുവാവിനെ ഈഴവനായതിന്റെ പേരില്‍ ഓഫീസ് ജോലികളിലേക്ക് മാറ്റിയെന്ന വാര്‍ത്ത അങ്ങേയറ്റം നിരാശയിലേക്ക് തള്ളിയിടുന്നതാണ്. ബാലു നിയമിതനായത് മുതല്‍ ഇരിങ്ങാലക്കുടയിലെ ആറു തന്ത്രി കുടുംബ അംഗങ്ങള്‍ ക്ഷേത്ര ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്നെന്നും അവരുടെയും വാര്യര്‍ സമാജത്തിന്റെയും എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം എന്നുമാണ് വാര്‍ത്ത.

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദം പൂര്‍ത്തിയായ ഘട്ടത്തിലും ജാതിചിന്തയും അതിലധിഷ്ഠിതമായ വിവേചന ബോധവും പേറുന്നവര്‍ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന് അപമാനമാണ്. ജാതിമത ചിന്തകള്‍ക്ക് അതീതമായി മനുഷ്യനെ മനുഷ്യനായി കാണാന്‍ പ്രേരിപ്പിച്ച സാമൂഹ്യഘടനയാണ് നമുക്കുള്ളത്. അത് രൂപപ്പെടുത്തുന്നതിന് പതിറ്റാണ്ടുകളുടെ ചരിത്രവും നമുക്കുണ്ടായിട്ടുണ്ട്. ആചാരവാദത്തിന്റെ നടത്തിപ്പുകാരില്‍ പ്രധാനിയായ ഇണ്ടംതുരുത്തി നമ്പ്യാതിരി സാക്ഷാല്‍ ഗാന്ധിയെ പോലും മൗനത്തിലേക്ക് തള്ളിവിട്ടത് ജാതീയതയുടെ പ്രമാണവാദത്തിലൂടെയായിരുന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാണ ഈ കാലത്താണ് അരുവിപ്പുറം പ്രതിഷ്ഠയുടെയും ക്ഷേത്ര സത്യാഗ്രഹങ്ങളുടെയും പന്തിഭോജനങ്ങളുടെയും നവോത്ഥാനപാതകള്‍ നാം തുറന്നത്. ഗുരുവായൂര്‍ ക്ഷേത്രം സമസ്തഹിന്ദുക്കള്‍ക്കും തുറന്നുകൊടുത്തില്ലെങ്കില്‍ കേളപ്പനോടൊപ്പം താനും ഉപവാസത്തിനുണ്ടാകുമെന്ന ഗാന്ധിജിയുടെ മുന്നറിയിപ്പ് മുതല്‍, ടി.കെ. മാധവനും കെ.പി. കേശവമേനോനും ഗോവിന്ദപ്പണിക്കറുമൊക്കെ ചേര്‍ന്ന് വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള നിരത്തുകള്‍ എല്ലാ മനുഷ്യര്‍ക്കുമായി തുറന്നുകിട്ടുന്നതിന് വേണ്ടി നടത്തിയ പോരാട്ടം വരെ കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹിക മണ്ഡലങ്ങളില്‍ സൃഷ്ടിച്ച ചലനം നവോത്ഥാനത്തിന്റെ തുടക്കം കൂടിയായിരുന്നു. ഇനിയുമൊരു വട്ടം കൂടി ഒരു തിയ്യപ്പാട് ദൂരമോ ചെറുമപ്പാട് ദൂരമോ മാറിനില്‍ക്കാന്‍ നമ്മളെ സ്വയം വിട്ടുകൊടുക്കാതിരിക്കുക.

ദേവസ്വം ബോര്‍ഡിനോടാണ്. ഒരു ദിവസമെങ്കില്‍ ഒരു ദിവസമെങ്കിലും നവോത്ഥാന ആശയങ്ങളിലൂടെ ഉഴുതുമറിക്കപ്പെട്ടു എന്നവകാശപ്പെടുന്ന കേരളീയ സമൂഹത്തെ നിങ്ങള്‍ ഒറ്റുകൊടുത്തു. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ അര്‍ഹതപ്പെട്ട തൊഴില്‍ ചെയ്യാനെത്തിയ മനുഷ്യനെ തീണ്ടാപ്പാടകലെ മാറ്റിനിര്‍ത്താന്‍ നിങ്ങളെടുത്ത തീരുമാനം കേരളത്തിന് എത്ര ഭൂഷണമാണന്ന് ആത്മപരിശോധന നടത്തണം. ജാതിവിവേചനത്തിന്റേതല്ല, മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും നാടായിരിക്കണം നമ്മുടെ കേരളമെന്ന് ആവര്‍ത്തിച്ച് ഉരുവിടേണ്ടതുണ്ട്.

dot image
To advertise here,contact us
dot image