ഷാനിദിന്റെ വയറ്റിൽ 2 പാക്കറ്റിൽ ലഹരിവസ്തു, ഒരെണ്ണം പൊട്ടി ആന്തരികാവയവങ്ങളുമായി ലയിച്ചു; റിപ്പോർട്ട്

ഷാനിദിന്റെ വയറ്റിൽ നിന്നും രണ്ടു പാക്കറ്റ് ലഹരിവസ്തുക്കൾ കണ്ടെത്തി

dot image

കോഴിക്കോട്: രാസ ലഹരി പാക്കറ്റ് അടങ്ങിയ കവർ വിഴുങ്ങി മരിച്ച യുവാവിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. മൈക്കാവ് സ്വദേശി ഷാനിദ് ആണ് മരിച്ചത്. ഷാനിദിൻ്റെ മരണം അമിതമായ അളവിൽ മയക്കുമരുന്ന് ഉപയോഗിച്ചതു മൂലമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഷാനിദിന്റെ ആന്തരികാവയവങ്ങളിൽ നിന്നും രണ്ടു പാക്കറ്റ് ലഹരിവസ്തുക്കൾ കണ്ടെത്തി. ഇതിൽ ഒരു പാക്കറ്റിൽ 9 ഗ്രാം കഞ്ചാവായിരുന്നു. രണ്ടാമത്തെ പാക്കറ്റ് പൊട്ടി ആന്തരികാവയവങ്ങളുമായി ലയിച്ചു. ഇത് ഏതു വിഭാഗത്തിൽപ്പെടുന്ന മയക്കുമരുന്നാണെന്ന് തുടർ പരിശോധനകളിലെ മനസ്സിലാകൂവെന്നും റിപ്പോർട്ടിൽ പറഞ്ഞു.

അതേസമയം ഇയാൾക്ക് ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പൊലീസ് ഇടപെട്ട് ഷാനിദിന്റെ പിതാവിനെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ലഹരി വസ്തുക്കൾ അടങ്ങിയ രണ്ട് പാക്കറ്റ് താൻ വിഴുങ്ങിയതായി പിടികൂടിയ സമയത്ത് ഷാനിദ് പൊലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് ഇയാളെ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു.

വെള്ളിയാഴ്ച പൊലീസ് പട്രോളിങ്ങിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഷാനിദിനെ പൊലീസ് പിടികൂടുന്നത്. പൊലീസ് വാഹനം കണ്ടയുടന്‍ ഷാനിദ് കൈയിലുണ്ടായിരുന്ന പൊതികള്‍ വിഴുങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട പൊലീസ് പിന്നാലെ ഓടി ഷാനിദിനെ പിടികൂടി. താന്‍ വിഴുങ്ങിയത് എംഡിഎംഎ ആണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് ഷാനിദിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവിനെ എന്‍ഡോസ്‌കോപ്പിക്ക് വിധേയനാക്കി. ഇതില്‍ യുവാവിന്റെ വയറ്റില്‍ രണ്ട് പൊതികളിലായി ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ യുവാവിന്റെ നില വഷളാകുകയും മരണപ്പെടുകയുമായിരുന്നു.

ഗള്‍ഫില്‍ ജോലി ചെയ്തുവരികയായിരുന്നു ഷാനിദ്. അടുത്തിടെയാണ് ഇയാള്‍ നാട്ടിലെത്തിയത്. ഇതിന് ശേഷം ഇയാള്‍ ലഹരി ശ്യംഖലയില്‍ സജീവമാകുകയായിരുന്നു. താമരശ്ശേരി, അമ്പായത്തോട് പ്രദേശങ്ങളില്‍ ഇയാള്‍ വ്യാപകമായി ലഹരി വില്‍പന നടത്തിയിരുന്നതായി നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.

Content Highlights: Man who Died after Swallow Plastic Cover with Drugs Postemortum Report Out

dot image
To advertise here,contact us
dot image