
സുൽത്താൻബത്തേരി: മകനെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കണമെന്ന അപേക്ഷയുമായി ഒരു അമ്മ. വയനാട് സുൽത്താൻബത്തേരിയിലാണ് സംഭവം. ലഹരിക്ക് അടിമയായ മകനെ രണ്ടുതവണ വിമുക്തി കേന്ദ്രത്തിൽ കൊണ്ടുപോയിട്ടും ഫലമുണ്ടായില്ല. ലഹരി ഉപയോഗിച്ച് വീട്ടിലെത്തി അക്രമാസക്തനായി അമ്മയെ ഉപദ്രവിക്കുകയും വീട് തല്ലിത്തകർക്കുകയും ചെയ്ത മകനെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.
വീട് തല്ലി തകർത്തത് എന്തിനാണെന്ന് ചോദിച്ചപ്പോൾ താൻ എംഡിഎംഎ ഉപയോഗിച്ചത് കൊണ്ടാണ് എന്ന് മറുപടി പറഞ്ഞ മകൻ ലഹരി സൗഹൃദങ്ങളിൽ പെട്ടുപോയതാണെന്നും ലഹരി വലയത്തിൽ നിന്ന് രക്ഷിക്കാൻ സഹായം ഉണ്ടാകണമെന്നുമാണ് അമ്മയുടെ അപേക്ഷ.
പ്ലസ് ടു വരെ പഠിച്ച ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി എറണാകുളത്ത് എത്തിയതിനു ശേഷമാണ് മകനിൽ മാറ്റങ്ങളുണ്ടായതെന്നാണ് അമ്മ പറയുന്നത്. രാത്രി പുറത്തുപോയ ശേഷം പുലർച്ചെയാണ് തിരികെ വരുന്നത്. ലഹരി കിട്ടാതാകുമ്പോഴാണ് അക്രമാസക്തനാകുന്നതെന്നും അമ്മ റിപ്പോർട്ടറിനോട് പ്രതികരിച്ചു.
Content Highlights: A mother wants to save her son from using drugs