
പത്തനംതിട്ട: സിപിഐഎം നേതാവ് എ പത്മകുമാറിന്റെ വീട്ടിലെത്തി ബിജെപി ജില്ലാ നേതൃത്വം. ആറന്മുളയിലെ വീട്ടിലേക്കാണ് ബിജെപി ജില്ലാ നേതൃത്വം എത്തിയത്. അതേസമയം കൂടിക്കാഴ്ചയ്ക്ക് പത്മകുമാര്‍ തയ്യാറായില്ല. ജില്ലാ പ്രസിഡണ്ട് വി എ സൂരജ്, ജില്ലാ ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് വീട്ടിലെത്തിയത്.
സംസ്ഥാന സമിതിയിലേക്ക് പരിഗണിക്കാത്തതില്‍ പത്മകുമാര്‍ അതൃപ്തി പരസ്യമാക്കിയിരുന്നു. തുടര്‍ന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം വീട്ടിലെത്തി പത്മകുമാറുമായി ചര്‍ച്ച നടത്തി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയിട്ടും തന്നെ തഴഞ്ഞതാണ് പത്മകുമാറിനെ പരസ്യ പ്രതികരണത്തിലേക്ക് നയിച്ചത്.
52 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് തനിക്ക് ലഭിച്ചത് വഞ്ചനയും അവഹേളനവും ചതിയുമാണെന്നാണ് പത്മകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. തനിക്ക് കുറെ പ്രയാസങ്ങള്‍ ഉണ്ട്. പാര്‍ട്ടി സംസ്ഥാന സമ്മേളനം കഴിഞ്ഞു. നമ്മളൊക്കെ വെളിയിലും മറ്റു പലരും അകത്തുമായി. അതിന്റെ പ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. താന്‍ പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
താന്‍ ചെറിയൊരു മനുഷ്യനാണ്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലേക്ക് ഉള്‍പ്പെടെ ആളുകളെ എടുക്കുമ്പോള്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്നവരെ പരിഗണിക്കണം. ദേശാഭിമാനി വരിക്കാരെ ചേര്‍ക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവരെ പരിഗണിക്കണം. പാര്‍ലമെന്ററി രംഗത്തെ പരിചയം മാത്രം നോക്കരുതെന്നും അദ്ദേഹം കുറിച്ചു. തന്റെ അതൃപ്തി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിവാദങ്ങള്‍ ഉയര്‍ന്നതോടെ പത്മകുമാര്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു.
Content highlights: BJP Leaders visits CPIM Leader Pathmakumar home