
തിരുവനന്തപുരം: ഓട്ടോറിക്ഷകളിലെ സൗജന്യ യാത്ര സ്റ്റിക്കര്‍ ഉത്തരവ് പിന്‍വലിക്കാന്‍ ധാരണയായി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഓട്ടോ തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഉത്തരവ് പിന്‍വലിച്ചതോടെ സംയുക്ത യൂണിയന്‍ നടത്താനിരുന്ന പണിമുടക്കും പിന്‍വലിച്ചു.
'മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം' എന്ന സ്റ്റിക്കര്‍ പതിക്കാനുള്ള ഉത്തരവാണ് പിന്‍വലിച്ചത്. മാര്‍ച്ച് ഒന്ന് മുതലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നടപടിക്കെതിരെ ഓട്ടോ തൊഴിലാളികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് പണിമുടക്കും തീരുമാനിച്ചത്. ഫെയര്‍ റീഡിങ് പ്രദര്‍ശിപ്പിക്കുന്ന മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമായിരിക്കുകയോ ചെയ്താല്‍ യാത്ര സൗജന്യം എന്ന് രേഖപ്പെടുത്തണമെന്നായിരുന്നു ഉത്തരവ്.
മലയാളത്തിലും ഇംഗ്ലീഷിലും സ്റ്റിക്കര്‍ രേഖപ്പെടുത്തണമെന്നായിരുന്നു ഉത്തരവ്. ഇത് ഡ്രൈവറുടെ സീറ്റിന് പുറകിലായി യാത്രക്കാര്‍ക്ക് കാണാനാകുന്ന വിധത്തില്‍ പതിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് സ്റ്റിക്കര്‍ നിര്‍ദേശം മുന്നോട്ട വെച്ചത്. സ്റ്റിക്കര്‍ പതിച്ചില്ലെങ്കില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ടെസ്റ്റില്‍ ഓട്ടോറിക്ഷകള്‍ അയോഗ്യമാക്കപ്പെടും, ഇത്തരത്തില്‍ അയോഗ്യമാക്കപ്പെട്ട ഓട്ടോകള്‍ വീണ്ടും സര്‍വീസ് നടത്തിയാല്‍ വലിയ തുക പിഴയായി നല്‍കേണ്ടി വരുമെന്നുമുള്ള നടപടികളും ഉത്തരവിലുണ്ടായിരുന്നു.
Content Highlights: Controversial order about autorikshaw sticker will be withdrawn