'ഓരോ അനീതിയിലും നീ കോപത്താൽ വിറക്കുന്നുണ്ടെങ്കിൽ നീ എന്‍റെ ഒരു സഖാവാണ്'; ചർച്ചയായി എൻ സുകന്യയുടെ പോസ്റ്റ്

പാർട്ടി തീരുമാനത്തിൽ തനിക്ക് അതൃപ്തിയില്ലെന്നും ദുർവ്യാഖ്യാനം വേണ്ടെന്നുമായിരുന്നു സുകന്യയുടെ പ്രതികരണം

dot image

കണ്ണൂർ: സിപിഐഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മഹിള അസോസിയേഷൻ സംസ്ഥാന നേതാവ് എൻ സുകന്യ. 'ഓരോ അനീതിയിലും നീ കോപത്താൽ വിറക്കുന്നുണ്ടെങ്കിൽ നീ എൻറെ ഒരു സഖാവാണ്….. ചെഗുവേര' എന്നായിരുന്നു സുകന്യ ഫേസ്ബുക്കിൽ കുറിച്ചത്. ഇന്നലെ വൈകിട്ടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുകന്യ നിലപാട് അറിയിച്ചത്.

എന്നാൽ പാർട്ടി തീരുമാനത്തിൽ തനിക്ക് അതൃപ്തിയില്ലെന്നും ദുർവ്യാഖ്യാനം വേണ്ടെന്നുമായിരുന്നു സുകന്യയുടെ പ്രതികരണം. പോസ്റ്റ് ചർച്ചയായതിനു പിന്നാലെയായിരുന്നു സുകന്യയുടെ വിശദീകരണം.

പ്രൊഫൈൽ ചിത്രം മാറ്റിയപ്പോൾ ഒരു വാചകം കൂടി ചേർത്തതാണെന്ന് അവർ പറഞ്ഞു. ഒരുപാട് ഘടകങ്ങൾ ആലോചിച്ചാണ് കമ്മിറ്റികൾക്ക് രൂപം നൽകുന്നത്. പാർട്ടി തൻറെ പ്രവർത്തനത്തെ അംഗീകരിച്ചിട്ടുണ്ട്. തനിക്ക് കഴിയും പോലെ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും സംസ്ഥാന നേതൃത്വത്തിൽ വനിതാ പ്രാതിനിധ്യം വർധിക്കേണ്ടതാണെന്നും സുകന്യ കൂട്ടിച്ചേർത്തു.

കണ്ണൂരിൽ നിന്നുള്ള മുതിർന്ന വനിതാ നേതാവ് കൂടിയായ എൻ സുകന്യയുടെ പേര് സംസ്ഥാന സമിതിയിലേക്ക് നേരത്തേ പറഞ്ഞു കേട്ടിരുന്നു. വി കെ സനോജിനൊപ്പം സുകന്യയും സമിതിയിൽ എത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും മുതിർന്ന നേതാവായ എം പ്രകാശനെയാണ് ഉൾപ്പെടുത്തിയത്.

അതേസമയം, അതൃപ്തി പരസ്യമാക്കിയതിന്റെ പേരിൽ പാർട്ടി നടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ച് ഭയക്കുന്നില്ലെന്നായിരുന്നു പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുൻ എംഎൽഎയുമായ എ പത്മകുമാറിൻറെ പ്രതികരണം. പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ച പരസ്യമായി പറയുകയാണ് താൻ ചെയ്തത്. തന്നെപ്പോലെ അഭിപ്രായമുള്ള പലരും പത്തനംതിട്ടയിലുണ്ട്. പാർട്ടി അനുവദിച്ചാൽ ബ്രാഞ്ചിൽ മാത്രം പ്രവർത്തിക്കുമെന്നും എ പത്മകുമാർ റിപ്പോർട്ടറിനോട് പറഞ്ഞു.

മന്ത്രി വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കിയ നടപടിക്കെതിരെയും പത്മകുമാർ തുറന്നടിച്ചു. പാർട്ടിയിൽ തനിക്ക് 42 വർഷത്തെ പ്രവർത്തനപരിചയമുണ്ട്. നിലവിൽ 66 വയസായി. സർക്കാർ സർവീസിൽ ആയിരുന്നെങ്കിൽ 56-ാം വയസിൽ വിരമിക്കുമായിരുന്നു. വീണാ ജോർജിന് ഒൻപത് വർഷത്തെ പാർലമെന്ററി പ്രവർത്തന പരിചയം മാത്രമാണുള്ളത്. വീണയുടെ കഴിവിനെ താൻ അംഗീകരിക്കുന്നു. എന്നാൽ പാർട്ടിഘടകത്തിലേക്ക് ഒരാളെ പരിഗണിക്കുമ്പോൾ രാഷ്ട്രീയവും സംഘടനാപരവുമായ പ്രവർത്തനം പരിഗണിക്കണമെന്നും പത്മകുമാർ പറഞ്ഞു.

Content Highlights: cpim leader n sukanya's fb post is viral

dot image
To advertise here,contact us
dot image