
കോട്ടയം സിപിഐഎം ജില്ലാ സെക്രട്ടറിയെ അടുത്തയാഴ്ച തീരുമാനിക്കും. ജില്ലാ സെക്രട്ടറിയായിരുന്ന എ വി റസലിന്റെ വിയോഗത്തെ തുടർന്നാണ് പുതിയ പാർട്ടി സെക്രട്ടറിയെ തീരുമാനിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തിൽ ജില്ലയിൽ സജീവമായി പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ളവരെ ആയിരിക്കും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുക.
കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമായ ടി ആർ രഘുനാഥ് പ്രഥമ പരിഗണനയിലുണ്ട്. മുതിർന്ന സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഹരികുമാർ, സിഐടിയു നേതാവ് കെ എം രാധാകൃഷ്ണൻ, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ എന്നിവരും പരിഗണനയിലുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി 21നായിരുന്നു സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന റസലിന്റെ വിയോഗം. അര്‍ബുദബാധിതനായി ചികിത്സയിരിക്കെയായിരുന്നു അന്ത്യം. ഒരു മാസം മുന്‍പായിരുന്നു റസല്‍ പാര്‍ട്ടി സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അദ്ദേഹം വിടപറഞ്ഞത്.