കൗതുകമായി ആ ആശ്ചര്യചിഹ്നം; സിപിഐഎമ്മിലെ അതൃപ്തി വിവാദങ്ങൾക്കിടെ ഫേസ്ബുക്ക് കവ‍ർചിത്രം മാറ്റി കടകംപള്ളി

കുറിപ്പിൻ്റെ അവസാനം ഉപയോ​ഗിച്ചിരിക്കുന്ന ആശ്ചര്യചിഹ്നമാണ് ഈ പോസ്റ്റിൽ കൗതുകമാകുന്നത്

dot image

തിരുവനന്തപുരം: എ പത്മകുമാറിൻ്റെയും എൻ സുകന്യയുടെയും ഫേസ്ബുക്ക് പോസ്റ്റിൻ്റെ അലയൊലികൾ മാറുന്നതിന് മുമ്പ് പരോക്ഷ സൂചനയുമായി ഫേസ്ബുക്കിൽ പുതിയ കവർ പേജ് ഫോട്ടോ മാറ്റി സിപിഐഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ. 'നവകേരള മാർച്ചിൻ്റെ സമാപന സമ്മേളനം, 2016 ഫെബ്രുവരി 15!' എന്ന കുറിപ്പോടെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന ചിത്രമാണ് കടകംപള്ളി ഫേസ്ബുക്കിൻ്റെ കവർ ചിത്രമായി പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിൻ്റെ അവസാനം ഉപയോ​ഗിച്ചിരിക്കുന്ന ആശ്ചര്യചിഹ്നമാണ് ഈ പോസ്റ്റിൽ കൗതുകമാകുന്നത്. കടകംപള്ളി സുരേന്ദ്രനെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് പരി​ഗണിക്കുമെന്ന് നേരത്തെ വാ‍ർത്തകളുണ്ടായിരുന്നു. എന്നാൽ കൊല്ലം സമ്മേളനം പുതിയതായി തിരഞ്ഞെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റിൽ കടകംപള്ളി ഇടംപിടിച്ചിരുന്നില്ല.

2016ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയൻ നയിച്ച നവകേരള യാത്രയുടെ സമാപന സമ്മേളനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് ശംഖുമുഖത്ത് സംഘടിപ്പിക്കപ്പെട്ട മഹാറാലിയുടെ പ്രധാനസംഘടാകനെന്ന നിലയിൽ തിരുവന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളിയ്ക്ക് വലിയ പ്രശംസ ലഭിച്ചിരുന്നു.

തിരുവനന്തപുരം ജില്ലയിലെ സിപിഐഎമ്മിൻ്റെ കരുത്തും സംഘടനാശേഷിയും വിളിച്ചോതിയ ശംഖുമുഖത്തെ റാലി സിപിഐഎമ്മിൻ്റെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ കാഹളം മുഴക്കലായും വിലയിരുത്തപ്പെട്ടിരുന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ പിണറായി വിജയനെ മുഖ്യമന്ത്രി പദ​ത്തിലേയ്ക്ക് എത്തിക്കുന്നതിൽ നവകേരള മാർച്ചിന് ലഭിച്ച സ്വീകാര്യതയും പ്രധാന ഘടകമായി മാറിയിരുന്നു. എതിരാളികൾ പോലും പ്രകീർത്തിച്ച 2016ലെ നവകേരള മാർച്ചിൻ്റെ സമാപന സമ്മേളനത്തിലെ മഹാറാലിയിൽ സംസാരിക്കുന്ന ചിത്രം ഈ ഘട്ടത്തിൽ കടകംപള്ളി പങ്കുവെച്ചത് യാദൃശ്ചകമല്ലെന്ന് തന്നെയാണ് വിലയിരുത്തൽ.

സംസ്ഥാന സമ്മേളനത്തിന് പിന്നാലെ അതൃപ്തി പരോക്ഷമായും പ്രത്യക്ഷമായും പ്രകടിപ്പിച്ച് സിപിഐഎം നേതാക്കളുടെ പ്രതികരണങ്ങൾ പുറത്ത് വരുന്ന സാഹചര്യത്തിലാണ് കടകംപള്ളിയുടെ ഫേസ്ബുക്കിലെ കവർപേജിലെ ഫോട്ടോയും കുറിപ്പും ശ്രദ്ധേയമാകുന്നത്.

Content Highlights: Kadakampilli changes cover photo on Facebook amid discontent and controversies within CPIM

dot image
To advertise here,contact us
dot image