കാസർകോട്ടെ മൃതദേഹങ്ങൾക്ക് 20 ദിവസത്തെ പഴക്കം; പൊലീസിനെതിരെ വിമർശനവുമായി പെൺകുട്ടിയുടെ സഹോദരൻ

സംഭവത്തിൽ പൊലീസിനെതിരെ വിമർശനവുമായി പെൺകുട്ടിയുടെ സഹോദരൻ രംഗത്തെത്തി

dot image

കാസർകോട്: പൈവളിഗയിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾക്ക് 20 ദിവസത്തെ പഴക്കം. പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പതിനഞ്ചുകാരിയുടെയും 42കാരന്റെയും ആത്മഹത്യ തന്നെയാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മൃതദേഹാവശിഷ്ടങ്ങൾ കൂടുതൽ പരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക്ക് അയച്ചു.

സംഭവത്തിൽ പൊലീസിനെതിരെ വിമർശനവുമായി പെൺകുട്ടിയുടെ സഹോദരൻ രംഗത്തെത്തി. വീടിന് അടുത്തുണ്ടായിട്ട് പോലും പെൺകുട്ടിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ലെന്ന് സഹോദരൻ ആരോപിച്ചു. ഇത്ര ടെക്‌നോളജി ഉണ്ടായിട്ടും പെൺകുട്ടിയെ കണ്ടെത്താൻ വൈകിയെന്നും സഹോദരൻ ആരോപിച്ചു.

പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ ഉദ്യോസഗസ്ഥന് ഹൈക്കോടതി നിർദേശം നൽകി. പെൺകുട്ടിയുടേത് ആത്മഹത്യയാണെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പെണ്‍കുട്ടിയെ കാണാതായത്. തങ്ങള്‍ ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരി പന്ത്രണ്ടിന് പുലര്‍ച്ചെ മൂന്നരയോടെ പെണ്‍കുട്ടിയെ കാണാതായി എന്ന് വ്യക്തമായി.

മൊബൈല്‍ ഫോണ്‍ മാത്രമായിരുന്നു പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപവാസിയായ പ്രദീപിനേയും ഇതേദിവസം തന്നെ കാണാതായി എന്നകാര്യവും കണ്ടെത്തുന്നത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പൈവളിഗയ്ക്ക് സമീപം വനത്തിനുള്ളില്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നെങ്കിലും യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. പെണ്‍കുട്ടിയുടെ കുടുംബം കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തതോടെയാണ് അന്വേഷണം ഊര്‍ജിതമായത്.

Content Highlights: kasaragod death case updates

dot image
To advertise here,contact us
dot image