കൂടൽമാണിക്യ ക്ഷേത്രത്തിൽ ഈഴവന് ജോലി നിഷേധിച്ചത് സാംസ്‌കാരിക കേരളത്തിന് അപമാനം; സഭയിൽ മന്ത്രി വാസവൻ

ബാലു കഴകക്കാരനായി ജോലി ചെയ്‌തേ മതിയാകൂവെന്നും മന്ത്രി പറഞ്ഞു

dot image

തിരുവനന്തപുരം: കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി അധിക്ഷേപ സംഭവത്തില്‍ നിയമസഭയില്‍ പ്രതികരിച്ച് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്‍. സംഭവം അപമാനകരമാണെന്ന് മന്ത്രി പറഞ്ഞു. ദേവസ്വം നിയമിച്ച ബാലു ഈഴവ സമുദായത്തില്‍ നിന്നുള്ളയാളാണെന്നും നിയമപ്രകാരമാണ് ബാലുവിനെ നിയമിച്ചതെന്നും മന്ത്രി പറഞ്ഞു.

'ബാലു കഴകക്കാരനായി ജോലി ചെയ്‌തേ മതിയാകൂ. ജോലി നിഷേധിച്ചത് സാംസ്‌കാരിക കേരളത്തിന് അപമാനം. നവോത്ഥാന നായകര്‍ ഉഴുതുമറിച്ച നാടാണ് കേരളം. ഇപ്പോഴും കേരളത്തില്‍ ജാതി അധിക്ഷേപം നിലനില്‍ക്കുന്നു. കാലഘട്ടത്തിന് യോജിച്ച സമീപനം അല്ല തന്ത്രിമാരുടേത്', മന്ത്രി പറഞ്ഞു.


പ്രതിഷ്ഠാദിനം കഴിഞ്ഞാല്‍ ബാലുവിനെ കഴക പ്രവര്‍ത്തി സ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇതിന് മുന്നോടിയായി തന്ത്രി-വാരിയര്‍ വിഭാഗങ്ങളുമായി ദേവസ്വം ബോര്‍ഡ് ചര്‍ച്ച നടത്തും. ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങള്‍ മുടക്കംകൂടാതെ എങ്ങനെ നടത്താമെന്നാണ് നിലവില്‍ ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നത്. വാര്യര്‍ സമാജവും തന്ത്രി വിഭാഗവും കോടതിയെ സമീപിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കഴകം പ്രവര്‍ത്തിക്ക് നിയമിതനായ ഈഴവ സമുദായത്തില്‍പ്പെട്ട തിരുവനന്തപുരം ആര്യനാട് സ്വദേശി വി എ ബാലുവിനെ തന്ത്രിമാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് മാറ്റിനിര്‍ത്തി എന്നായിരുന്നു ഉയര്‍ന്നുവന്ന ആരോപണം. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നാണ് മാറ്റിയത് എന്നാണ് ദേവസ്വം ബോര്‍ഡ് നല്‍കിയ വിശദീകരണം.

കഴിഞ്ഞ മാസം 24നാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴക പ്രവൃത്തിക്കാരനായി ബാലു ചുമതലയേറ്റത്. ബാലു ഈഴവ സമുദായ അംഗമായതിനാല്‍ കഴകപ്രവര്‍ത്തിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് തന്ത്രിമാരും വാര്യര്‍ സമാജവും ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുടയിലെ ആറു തന്ത്രി കുടുംബാംഗങ്ങള്‍ ക്ഷേത്ര ചടങ്ങുകളില്‍ നിന്ന് അന്ന് മുതല്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം സഭ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. മന്ത്രി അധിക സമയം സംസാരിക്കുന്നു എന്ന് വിമര്‍ശിച്ച് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. പ്രതിപക്ഷ നേതാവിനും അംഗങ്ങള്‍ക്കും സഭയില്‍ നിയന്ത്രണമാണെന്നും പ്രസംഗത്തിന് സമയം അനുവദിക്കുന്നില്ലെന്നും കോണ്‍ഗ്രസ് എംഎല്‍എ എ പി അനില്‍കുമാര്‍ പ്രതികരിച്ചു. പ്രതിപക്ഷ നേതാക്കള്‍ക്ക് ആവശ്യത്തിന് സംസാരിക്കാമെന്നതാണ് നിയമസഭയുടെ കീഴ്‌വഴക്കം. എന്നാല്‍ സഭയില്‍ പ്രതിപക്ഷ അവകാശങ്ങളെ ചെയര്‍ നിയന്ത്രിക്കുന്നുവെന്ന് എംഎല്‍എ പറഞ്ഞു. ഇത് മുന്‍നിര്‍ത്തിയാണ് സഭ ബഹിഷ്‌കരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിമാര്‍ ആവശ്യത്തിന് സംസാരിക്കട്ടെയെന്നും എത്ര മണിക്കൂര്‍ വേണമെങ്കിലും സഭയില്‍ ഇരിക്കാമെന്നും പ്രതിപക്ഷ അംഗങ്ങള്‍ക്കും അവസരം നല്‍കണമെന്നും പി സി വിഷ്ണുനാഥ് എംഎല്‍എയും പറഞ്ഞു.

Content Highlights: Minister V N Vasavan about Koodalmanikyam issue at NiyamaSabha

dot image
To advertise here,contact us
dot image