
പത്തനംതിട്ട: അതൃപ്തി പരസ്യമാക്കിയ പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ എ പത്മകുമാറിനെ തള്ളി സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വം. മന്ത്രിമാരെ പരിഗണിക്കുന്നത് കീഴ്‌വഴക്കമാണെന്നും പത്മകുമാറിന്റെ പ്രതികരണം എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും രാജു എബ്രഹാം പറഞ്ഞു. വിഷയം പാര്‍ട്ടി വളരെ ഗൗരവത്തോടെ പരിശോധിക്കുമെന്നും രാജു എബ്രഹാം പറഞ്ഞു.
ആറന്മുള മണ്ഡലത്തില്‍ വീണാ ജോര്‍ജ് മിന്നുന്ന വിജയമാണ് നേടിയതെന്ന് രാജു എബ്രഹാം ചൂണ്ടിക്കാട്ടി. ശൈലജ ടീച്ചറും ശ്രീമതി ടീച്ചറും തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് വീണാ ജോര്‍ജ് ചെയ്യുന്നത്. മന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനമാണ് വീണ ജോര്‍ജിനെ പാര്‍ട്ടി മുഖ്യമായും ഏല്‍പ്പിച്ചിരിക്കുന്നത്. സംഘടനാപരമായി എല്ലാ മന്ത്രിമാര്‍ക്കും പൂര്‍ണമായും സമയം നീക്കിവെയ്ക്കാന്‍ കഴിയില്ല. സമയം കിട്ടുമ്പോഴൊക്കെ പാര്‍ട്ടി പരിപാടികളില്‍ വീണാ ജോര്‍ജ് പങ്കെടുക്കാറുണ്ട്. പാര്‍ട്ടി ജാഥയില്‍ മന്ത്രി വീണ പങ്കെടുക്കുന്നുണ്ടെന്നും രാജു എബ്രഹാം പറഞ്ഞു.
ബ്രാഞ്ച് തലത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പത്മകുമാര്‍ പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും രാജു എബ്രഹാം പറഞ്ഞു. അദ്ദേഹത്തിന് സമയക്കുറവാണോ എന്ന് അറിയില്ല. പത്മകുമാറിന്റെ ഘടകം പാര്‍ട്ടി ജില്ലാ കമ്മിറ്റിയാണ്. പന്ത്രണ്ടാം തീയതി ജില്ലാ കമ്മിറ്റി ചേരുന്നുണ്ട്. സംസ്ഥാന നേതാക്കള്‍ ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കുകയാണെങ്കില്‍ അവിടെവെച്ച് തന്നെ പത്മകുമാറിന്റെ വിഷയം പരിശോധിക്കും. ഇല്ലെങ്കില്‍ അധികം താമസിയാതെ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ വിഷയം പരിശോധിക്കുമെന്നും രാജു എബ്രഹാം പറഞ്ഞു.
പാര്‍ട്ടി സ്ഥാനങ്ങള്‍ ഒഴിവ് വരുന്നതിന് അനുസരിച്ചായിരിക്കും നേതാക്കളെ പരിഗണിക്കുകയെന്നും രാജു എബ്രഹാം വ്യക്തമാക്കി. പത്തനംതിട്ട ജില്ലയില്‍ നിന്ന് സംസ്ഥാന കമ്മിറ്റിയില്‍ ഇപ്പോള്‍ തന്നെ മൂന്ന് പേരുണ്ട്. അംഗസംഖ്യ വളരെ കുറവുള്ള ജില്ലയാണ് പത്തനംതിട്ട. മൂന്ന് പേര്‍ തന്നെ സംസ്ഥാന കമ്മിറ്റിയില്‍ വന്നു എന്നുള്ളത് വലിയ അംഗീകാരമാണ്. എന്താണ് പത്മകുമാറിന്റെ പരാതി എന്ന് അദ്ദേഹമാണ് വ്യക്തമാക്കേണ്ടത്. അത് പാര്‍ട്ടി ഘടകത്തില്‍ അദ്ദേഹം തന്നെ വ്യക്തമാക്കുമെന്നും രാജു എബ്രഹാം കൂട്ടിച്ചേര്‍ത്തു.
Content Highlights : 'Veena George is a minister, that's why she was invited'; Raju Abraham responds to A Padmakumar