
കോട്ടയം: അമ്പലങ്ങളുടെ അധികാരം തന്ത്രിമാരുടെ കയ്യിലാണെന്ന ദുഷ്ട ചിന്തയുള്ളവരെ നിലയ്ക്ക് നിർത്താൻ സർക്കാറിന് കഴിയണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്ത്രിമാരാണ് ക്ഷേത്രങ്ങളിലെ സർവ്വാധിപതി എന്ന ചിന്ത കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകത്തിന് പിന്നാക്ക സമുദായക്കാരനെ നിയോഗിച്ചതും ജാതിവിവേചനം നേരിട്ടതുമായ വാർത്ത പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സർക്കാർ ബോർഡ് നിയമിച്ച അംഗങ്ങളെ അംഗീകരിക്കണം. കഴക നിയമനം പാലിക്കും എന്നാണ് പ്രതിക്ഷിക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖ നല്ലതാണെന്നും അത് പ്രാവർത്തികമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിലെ പത്മകുമാറിൻറെ പരസ്യ പ്രതികരണത്തിലും വെള്ളാപ്പള്ളി പ്രതികരിച്ചു. പത്മകുമാർ അങ്ങനെ പറയാൻ പാടില്ലായിരുന്നു. നിരവധി സ്ഥാനങ്ങൾ പത്മകുമാറിന് പാർട്ടി നൽകിയിട്ടുണ്ട്. വീണാ ജോർജ് കഴിവുള്ള വ്യക്തിയാണ്. മികച്ച പ്രവർത്തനമാണ്. ഒരു കൊള്ളിയിൽ 16 പട്ടക്കാർ വേണ്ട.
പിണറായി വിജയൻ ശക്തനായ നേതാവാണ്. അപശബ്ദം പോലുമില്ലാതെ സമ്മേളനം അവസാനിച്ചത് പിണറായിയുടെ മികവാണ്. എൽഡിഎഫിന്റെ ഐശ്വര്യമാണ് എൻഡിഎ. എൻഡിഎയുടെ വളർച്ചയിൽ യുഡിഎഫ് തകരുകയാണ്. പിണറായിയെ മാറ്റി പകരം മറ്റൊരാളെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ശ്രമമെങ്കിൽ അത് പാർട്ടിയുടെ സർവ്വനാശം ആയിരിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആശ വർക്കർ നിരാശരായി വഴിയിൽ കിടക്കുകയാണ്. കേന്ദ്ര-കേരള തർക്കം പറയാതെ സമരം സർക്കാർ ഒത്തുതീർപ്പാക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
Content Highlights: Vellapally on koodalmanikyam temple issue