'തന്ത്രിമാര്‍ക്ക് വഴങ്ങില്ല; സഹകരിച്ചില്ലെങ്കില്‍ നടപടിയെന്ന് കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ സി കെ ഗോപി

കഴകക്കാരനായി ബാലുവിനെ നിയമിക്കുമെന്നും ദേവസ്വം ചെയര്‍മാന്‍

dot image

തൃശൂര്‍: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ തീരുമാനത്തെ മാറ്റാന്‍ തന്ത്രിമാര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ അവകാശമില്ലെന്ന് കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ സി കെ ഗോപി. കഴകക്കാരനായി ബാലുവിനെ നിയമിക്കും. തന്ത്രിമാര്‍ക്ക് വഴങ്ങില്ല. തന്ത്രിമാര്‍ സഹകരിച്ചില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു.

നിലവില്‍ ബാലു പരാതി നല്‍കിയിട്ടില്ലെന്നും ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു. ബാലു രേഖമൂലം അപേക്ഷ നല്‍കിയാല്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു. ബാലു ജോലിയില്‍ പ്രവേശിച്ചത് മുതല്‍ തന്ത്രിമാര്‍ വന്നോ വന്നില്ലയോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കും. ജാതി വിവേചനം നടന്നു എന്ന പരാതി നിലവില്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.

അതിനിടെ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചിന്‍ ദേവസ്വം കമ്മീഷണറും കൂടല്‍മാണിക്യം എക്‌സിക്യൂട്ടിവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അംഗം വി ഗീത നിര്‍ദേശിച്ചു.മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴക ജോലികള്‍ക്കായി ആളെ നിയമിക്കുന്നതിന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷ നടത്തിയിരുന്നു. ഇത് വിജയിച്ചാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു ജോലിയില്‍ പ്രവേശിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് ഇദ്ദേഹം ചുമതലയേറ്റു. ഇതിന് പിന്നാലെയാണ് വിവാദം ഉയര്‍ന്നത്. ബാലു ഈഴവ സമുദായ അംഗമായതിനാല്‍ കഴക ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തന്ത്രിമാരും വാര്യര്‍ സമാജവും രംഗത്തെത്തുകയായിരുന്നു. വിഷയത്തില്‍ വിവിധ രാഷ്ട്രീയ, സാമുദായിക നേതാക്കള്‍ ഇടപെട്ടിട്ടുണ്ട്.

Content Highlights- will take action against priest on koodalm manikkam temple caste issue

dot image
To advertise here,contact us
dot image